ചെന്നിത്തല : ചെന്നിത്തല ഒന്നാം ബ്ളോക്ക് പാടശേഖരത്തിൽ നെല്ല് സംഭരണത്തിൽ കൂടുതൽ കിഴിവ് ചുമത്തി മില്ലുകാർ കർഷകരെ ചൂഷണം ചെയ്യുന്നതായി പരാതി. പതിരിന്റെ പേരിൽ ക്വിന്റലിന് പത്തു ശതമാനം കിഴിവിട്ടാണ് മില്ലുകാർ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചത്. ഇടയ്ക്കിടെ പെയ്യുന്ന മഴയെ ഭയന്ന് മില്ലുകാരുടെ പിടിവാശിക്ക് മുന്നിൽ കർഷകർക്ക് വഴങ്ങേണ്ടി വരികയായിരുന്നു. പതിരില്ലാത്തതും നല്ല ഉണക്കുള്ളതുമായ നെല്ലിനാണ് ഇത്രയും ഭീമമായ രീതിയിൽ കിഴിവ് ചുമത്തിയതെന്ന് കർഷകർ പറയുന്നു.
കൃഷിയിറക്കാൻ നല്ല തുക ചിലവാക്കിയ തങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് മില്ലുകാരുടെ ചൂഷണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഒരേക്കർ കൊയ്തെടുക്കാൻ ആറായിരം രൂപ കൊയ്ത്ത് യന്ത്രത്തിന്റെ ഇനത്തിൽ ചിലവാക്കേണ്ടി വന്നു. നെല്ല് കരക്കെത്തിക്കുന്നതിന്റെ ചുമട്ട്കൂലി വേറെയും.