ചേർത്തല: ചേർത്തല ബോട്ട് ജെട്ടിക്ക് സമീപത്തെ സർക്കാർ റെസ്റ്റ് ഹൗസിന് ചുറ്റുമുണ്ടായിരുന്ന കണ്ടൽ ചെടികൾ വെട്ടി നശിപ്പിച്ച് കായലിലേയ്ക്ക് തള്ളിയതായി പരാതി. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചെടികൾ വെട്ടി നീക്കിയത്. വെട്ടി മാറ്റിയ ചെടികൾ കായലിൽ കിടന്ന് അഴുകി ദുർഗന്ധം പരത്തുന്നുണ്ട്.
രണ്ടാഴ്ചമുമ്പാണ് വകുപ്പിലെ പ്രധാന ജീവനക്കാരുടെ നിർദ്ദേശ പ്രകാരം ചെടികൾ വെട്ടി നശിപ്പിച്ചത്. കണ്ടൽ ചെടികൾ നശിപ്പിച്ചതോടെ ഇവിടെ കഴിഞ്ഞിരുന്ന നിരവധി ജീവികൾക്ക് കഴിയാൻ ഇടം നഷ്ടപ്പെട്ടു. ഇറിഗേഷൻ വകുപ്പ് ലക്ഷങ്ങൾ മുടക്കി കായലിലെ പോളകൾ നീക്കി റെസ്റ്റ് ഹൗസ് പരിസരം വൃത്തിയാക്കുന്നതിനിടെയാണ് കണ്ടൽ ചെടികൾ വെട്ടി കായലിലേയ്ക്ക് തള്ളിയത്. വയലാർ കുറിയ മുട്ടം കായലും ചെങ്ങണ്ടകായലും സംഗമിക്കുന്ന സ്ഥലമാണ് ഇവിടം. വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി.