മാവേലിക്കര: അലൂമിനിയം ഫാക്ടറിയുടെ ഗോഡൗണിൽ നിന്ന് ആക്രി അലൂമിനിയം സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ചെന്നിത്തല ചെറുകോൽ ഈഴക്കടവ് ശിവസദനം സന്തോഷ് കുമാർ (41), പോനകം കല്ലുകുഴിയിൽ പുത്തൻവീട്ടിൽ ബാബു (54) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മാവേലിക്കര പോനകം സ്വദേശി യേശുദാസ് ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മാവേലിക്കര കുന്നം ഗ്ലാസ് ഫാക്ടറി ജംഗ്ഷന് സമീപം പ്രവർത്തനം ആരംഭിക്കാനിരുന്ന അലൂമിനിയം ഫാക്ടറിയുടെ ഗോഡൗണിൽ നിന്നാണ് 15000 രൂപയുടെ ആക്രി അലൂമിനിയം സാധനങ്ങൾ മോഷ്ടാക്കൾ കടത്താൻ ശ്രമിച്ചത്. ഫാക്ടറിയുടെ മതിൽചാടിക്കടന്ന സംഘം സാധനങ്ങൾ കവർന്ന്പോകാൻ തുടങ്ങുമ്പോഴാണ് പിടിയിലായത്. നാട്ടുകാർ നൽകിയ വിവരമനുസരിച്ചെത്തിയ എസ്.ഐ പി.എസ്.ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ.സുധി, പ്രതാപചന്ദ്രമേനോൻ സിവിൽ പൊലീസ് ഓഫിസർ ബി.മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.