ചാരുംമൂട് : ഇന്നലെ മാത്രം 163 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചാരുംമൂട് പഞ്ചായത്ത് പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. പ്രതിദിന കൊവിഡ് ബാധിതരുടെ ഏറ്റവും ഉയർന്ന കണക്കാണിത്.
പാലമേൽ ഗ്രാമ പഞ്ചായത്തിൽ 59 പേർക്കും ചുനക്കരയിൽ 46 പേർക്കും നൂറനാട്ട് 36 പേർക്കും താമരക്കുളത്ത് 13 പേർക്കും വള്ളികുന്നത്ത് 9 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും മേഖലയിൽ പ്രതിദിനം നൂറിന് മുകളിൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലായിടങ്ങളിലും കൂടുതൽ പേർക്ക് ആർ.ടി. പി.സി.ആർ പരിശോധന നടന്നതിന്റെ പരിശോധനാ ഫലങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികൾ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ആർ.ടി.പി.സി.ആർ പരിശോധനയും നടന്നു വന്നു. നിലവിൽ ചുനക്കര പഞ്ചായത്തിലെ മൂന്നു വാർഡുകളിലാണ് കണ്ടൈൻമെന്റ് സോണുകളുള്ളത്.