കുട്ടനാട് : പാടശേഖരങ്ങളിലെ കൊയ്ത്ത് ഒഴിച്ചാൽ ഇന്നലെ കുട്ടനാട്ടിൽ സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ പൂർണം. എടത്വ, പുളിങ്കുന്ന്, രാമങ്കരി,, മങ്കൊമ്പ് , കിടങ്ങറ, കാവാലം എന്നീ പ്രധാന ജംഗ്ഷനുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിച്ചുള്ളൂ.
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ പേരിന് മാത്രമേ സർവീസ് നടത്തിയുള്ളൂ. സ്വകാര്യ വാഹനങ്ങളും നാമമാത്രമായിരുന്നു. ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങിയില്ല. വേനൽ മഴയും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടുത്ത ദിവസം തുറക്കുമെന്നതും കണക്കിലെടുത്ത് കായൽ നിലങ്ങളിലും പാടശേഖരങ്ങളിലും ഇന്നലെയും കൊയ്ത്ത് മുടങ്ങാതെ നടന്നു . എന്നാൽ നെല്ല് സംഭരിക്കാൻ മില്ലുകാർ എത്തിയില്ല.