ഒരാഴ്ച്ചയ്ക്കുള്ളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നു
ആലപ്പുഴ: ജില്ലയിൽ തന്നെ കൊവിഡ് ബാധിതർ ഏറ്റവും കൂടുതൽ എന്ന നിലയിലേയ്ക്ക് ആലപ്പുഴ നഗരപരിധിയിൽ കൊവിഡ് രോഗികൾ കുതിച്ചുയർന്നതോടെ നഗരസഭ പരിശോധനാ നടപടികൾ കർക്കശമാക്കി. നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിലും അതീവജാഗ്രത ഏർപ്പെടുത്തി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടായത്. രോഗബാധിതർക്കൊപ്പം സമ്പർക്ക പട്ടികയും വിപുലമാക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
മാർക്കറ്റുകളിൽ പരിശോധന
ജനങ്ങൾ തിങ്ങികൂടുന്നതിനുള്ള സാഹചര്യമൊഴിവാക്കാൻ മാർക്കറ്റുകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ നിന്നും മറ്റും രോഗം വ്യാപിക്കാനുള്ള സാദ്ധ്യത കൂടുതലുണ്ടെന്ന നിഗമനത്തിലാണ് നിയന്ത്രണങ്ങൾ എർപ്പെടുത്തുന്നത്. മാർക്കറ്റുകളിൽ ചരക്ക് ഇറക്കാൻ പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. ആളുകൾക്ക് സാധനം വാങ്ങുന്ന സമയം ഒഴിവാക്കിയാണ് ചരക്കിറക്കുക. ഇന്ന് പുലയൻവഴി, ഡാറ മാർക്കറ്റുകളിലായി നഗരസഭയുടെ നേതൃത്വത്തിൽ കൂട്ടപരിശോധന നടക്കും. മാർക്കറ്റുകൾ സംരക്ഷണ സമിതികളുടെ മേൽനോട്ടത്തിൽ നിരീക്ഷണവുമേർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ സി.എഫ്.എൽ.ടി. സികൾ
രോഗികൾ വർദ്ധിക്കുന്ന സാഹചര്യം കണക്കാക്കി ടൗൺഹാളിലാണ് പ്രഥമചികിത്സാ കേന്ദ്രം പുനരാരംഭിച്ചിരിക്കുന്നത്. 190 പേർക്കുള്ള ചികിത്സാ സംവിധാനമാണ് ഇവിടുള്ളത്. ഇതിന് പുറമെ ജനറൽ ആശുപത്രിയിലും കൊവിഡ് പ്രഥമചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന് കളക്ടർക്ക് നഗരസഭ ശുപാർശ നൽകിയിട്ടുണ്ട്. നഗരസഭയിലടക്കം തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺ ലൈൻ സംവിധാനം എർപ്പെടുത്തി. കടകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. ടെലി മെഡിസിൻ സംവിധാനവും നഗരസഭ ശക്തമാക്കിയുണ്ട്. വാർഡു തലത്തിൽ തിങ്കളാഴ്ച മുതൽ കൂട്ടപരിശോധനകളും ആരംഭിക്കും.
ആംബുലൻസ് കട്ടപ്പുറത്ത്
നഗരസഭയുടെ ആംബുലൻസ് കട്ടപ്പുറത്തായത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. കൊവിഡ് പോസിറ്റീവായ കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് ഉൾപ്പടെ ആംബുലൻസ് അനിവാര്യമാണ്. വൈകാതെ ആംബുലൻസ് സംവിധാനം ശരിയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭാ അധികൃതർ. പുതിയ ബഡ്ജറ്റിൽ ആംബലൻസിനായി തുക വകയിരുത്തിയിട്ടുണ്ട്.
രോഗ വ്യാപന സാഹചര്യം ഒഴിവാക്കാൻ ഇന്ന് മുതൽ കൂട്ടപ്പരിശോധനകൾ ആരംഭിക്കും. രോഗികൾ വർദ്ധിക്കുന്ന സാഹചര്യം കണക്കാക്കി ഫ്യൂമിഗേഷൻ നിയന്ത്രണങ്ങളിലൂടെ സമ്പർക്ക ബാധിതരെ കുറച്ച് രോഗം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ
സൗമ്യാരാജ്, നഗരസഭാദ്ധ്യക്ഷ