ചേർത്തല ബോട്ട്ജെട്ടിയിലെ വിശ്രമകേന്ദ്രത്തിന് ശനിദശ
ചേർത്തല: ചേർത്തല ബോട്ട് ജെട്ടിയിൽ നിർമ്മാണം പൂർത്തിയായ വിശ്രമകേന്ദ്രം ഉദ്ഘാടനം കാത്തുകിടക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി, സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 30 ലക്ഷം വിനിയോഗിച്ച് 2018 ഡിസംബറിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഫെബ്രുവരിയിൽ കനാൽ നവീകരണത്തിന്റെയും വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും വിനോദ സഞ്ചാരികൾക്കായി സജ്ജമാക്കിയ പെഡൽ ബോട്ടുകൾ ലഭിക്കാത്തതിനെ തുടർന്ന് കനാൽ നവീകരണം ഉദ്ഘാടനം മാത്രമാണ് നടന്നത്. എങ്കിലും കായൽ സൗന്ദര്യം ആസ്വദിക്കാനായി നിരവധി പേർ ഇവിടേക്ക് എത്തുന്നുണ്ട്.
ബോട്ട് ജെട്ടിയുടെ വശങ്ങളിലും മുന്നിലും കൈവരികൾ നിർമ്മിച്ച് പെയിന്റ് ചെയ്തു. കോൺക്രീറ്റ് നടപ്പാതയ്ക്കു മുകളിൽ ടൈൽ പാകിയ ശേഷം വിശ്രമ കേന്ദ്രം നിർമ്മിച്ച് മേൽക്കൂരയും ഇരിപ്പിടങ്ങളും സ്ഥാപിച്ചു. ജെട്ടിയുടെ കിഴക്ക് ഭാഗത്ത് അഞ്ചും പടിഞ്ഞാറ് നാലും മേൽക്കൂരകളാണ് നിർമ്മിച്ചത്. കോഫി ഷോപ്പ്, ടോയ് ലറ്റ് സംവിധാനങ്ങളും ഒരുങ്ങി. കുട്ടികൾക്കായി ഒരു പാർക്കും തയ്യാറാക്കിയിട്ടുണ്ട്. കോഫി ഷോപ്പ് കരാർ നൽകാൻ ശ്രമങ്ങൾ നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ നീട്ടിവയ്ക്കുകയായിരുന്നു. 2 പെഡൽ ബോട്ടുകളാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും അവസാന സമയം അരൂരിലെ ഏജൻസി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പിൻവാങ്ങുകയായിരുന്നു. പെഡൽ ബോട്ട് വാങ്ങാനും കനാലിന് ആഴം കൂട്ടാനുമായി രണ്ട് ലക്ഷം രൂപ അധികമായി മന്ത്രി പി. തിലോത്തമൻ എം.എൽ.എ ഫണ്ടിൽ നിന്നു അനുവദിച്ചിരുന്നു. വൈദ്യുതി ലഭിക്കാത്തത് വൈകുന്നേരങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് വിലങ്ങു തടിയാണ്.
സഞ്ചാരികൾക്ക് ഇഷ്ടം
വേമ്പനാട് കായലിന്റെ ഭാഗമായ വയലാർ കുറിയ മുട്ടം കായലും ചെങ്ങണ്ട ആറും സംഗമിക്കുന്ന ചേർത്തലയ്ക്ക് ടൂറിസം ഭൂപടത്തിൽ വ്യക്തമായ സ്ഥാനമുണ്ട്. രാജഭരണകാലത്ത് കൊച്ചിയേയും കോട്ടയത്തേയും (വൈക്കം) ജലഗതാഗത മാർഗത്തിലൂടെ ചേർത്തലയുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു ചേർത്തല ബോട്ട്ജെട്ടി. ചരക്ക് വള്ളങ്ങൾ ഉൾപ്പെടെ ഇവിടെ എത്തിയിരുന്നതായി പഴമക്കാർ പറയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസും സമീപത്തുണ്ട്.
....................................
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയാൽ വൈദ്യുതി കണക്ഷനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. അതിന് ശേഷം പെഡൽ ബോട്ടും എത്തിച്ച് കോഫി ഷോപ്പിന്റെ കരാറും എർപ്പെടുത്തി വിശ്രമ കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനാണ് ശ്രമം
സദാശിവ മുരളി, അസി. എൻജിനീയർ, മേജർ ഇറിഗേഷൻ വകുപ്പ്