മാവേലിക്കര: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ഹർജി എത്രയും വേഗം പരിഗണിക്കണമെന്നും അദ്ദേഹത്തെ മികച്ച ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി സുപ്രീ കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് കത്ത് നൽകി. സിദ്ദിഖ് കാപ്പനെതിരെയുള്ള അതിക്രമങ്ങളും മനുഷ്യവകാശ ലംഘനങ്ങളും ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് കേൾക്കാൻ പാടില്ലാത്തതാണെന്നും ആശുപത്രിക്കിടക്കയിൽ അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിച്ചിട്ടിരിക്കുകയാണെന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് മഥുരയിൽ വെച്ച് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഏഴ് തവണ കാപ്പന് വേണ്ടി ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. എന്നാൽ അപേക്ഷ ഒരിക്കൽപ്പോലും തീർപ്പാക്കിയിട്ടില്ലെന്നും സുരേഷ് പറഞ്ഞു.