മാവേലിക്കര: മാവേലിക്കരയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വ്യാപിക്കുന്നതായി കണക്കുകൾ. ചെട്ടികുളങ്ങര പഞ്ചായത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഇവിടെ 60 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

പഞ്ചായത്തിലെ 3 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. വാർഡ് 13, 19 എന്നിവ പൂർണ്ണമായി കണ്ടെയ്ൻമെന്റ് സോണുകളാണ്. വാർഡ് 14ൽ ഗുരുമന്ദിരം മുതൽ കനാൽ വരെയും ഈരേഴ തെക്ക് കനാൽ റോഡ് മുതൽ പുത്തൻപുര റോഡ് വരെയും വാലയിൽ ജംഗ്ഷൻ മുതൽ കനാൽ വരെയുമുള്ള ഭാഗങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകൾ.

കഴിഞ്ഞ ദിവസം വന്ന പരിശോധന ഫലത്തിൽ മാവേലിക്കര നഗരസഭയിൽ 39 പേർക്കും തെക്കേക്കര പഞ്ചായത്തിൽ 28 പേർക്കും തഴക്കര പഞ്ചായത്തിൽ 34 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിലും കൂടുതൽ രോഗികൾ പ്രദേശങ്ങളിൽ ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ തന്നെ പറയുന്നു.

പരിശോധന ഫലം വൈകുന്നതും പരിശോധന നടത്താനുള്ള ക്രമീകരണങ്ങളുടെ കുറവും കാരണം രോഗം സ്ഥിരീകരിക്കാൻ വൈകുന്നുണ്ട്. തഴക്കര പഞ്ചായത്തിലെ വെട്ടിയാറിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി ആഴ്ച ഒന്ന് കഴിഞ്ഞിട്ടും ഫലം ലഭിച്ചില്ലെന്ന് പരാതിയുണ്ട്. രോഗബാധിതരുടെ എണ്ണം വർദ്ധിക്കവേ, പല പഞ്ചായത്തുകളിലും സി.എഫ്.എൽ.ടി.സികൾ പോലും ഇല്ല. വാക്സിൻ എടുക്കുന്ന കാര്യത്തിലും ബുദ്ധിമുട്ടുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നവർക്ക് ഒ.ടി.പി ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആദ്യഘട്ട വാക്സിൻ എടുത്തവർക്ക് രണ്ടാംഘട്ട വാക്സിൻ എന്ന് ലഭിക്കുമെന്നും ധാരണയില്ലാത്ത അവസ്ഥയാണ്.