test

ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ നഗരത്തിലെ മാർക്കറ്റുകളിലെയും പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാരെ പരിശോധിക്കാനുള്ള നടപടികളുമായി ആലപ്പുഴ നഗരസഭ രംഗത്ത്.

ഇന്ന് വഴിച്ചേരി വലിയ മാർക്കറ്റ്, പുലയൻ വഴി മാർക്കറ്റ്, ആശ്രമം വാർഡ് എന്നിവിടങ്ങളിൽ നഗരസഭ നേതൃത്വത്തിൽ കൊവിഡ് കൂട്ടപ്പരിശോധന നടത്തുന്നുണ്ട്. വരുംദിവസങ്ങളിൽ വഴിയോര കച്ചവടക്കാർ, വസ്ത്ര- സ്വർണ്ണക്കടകളിലെ തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവരെ പരിശോധിക്കാൻ നഗരസഭ പദ്ധതിയിട്ടിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്ത പലരും രോഗവാഹകരാണെന്നും ചെറിയ ലക്ഷണങ്ങളുള്ളവർ ക്വാറന്റൈനും അതുവഴിയുള്ള വരുമാന നഷ്ടവും ഭയന്ന് പരിശോധനയ്ക്ക് തയ്യാറാവുന്നില്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂട്ട പരിശോധന സംഘടിപ്പിച്ചിട്ടുള്ളത്. മാസ് ടെസ്റ്റിൽ പോസിറ്റീവാകുന്നവർക്ക് നഗരസഭയുടെ കൈത്താങ്ങുമുണ്ട്. ഒരു കുടുംബത്തിന് ഏതാനും ദിവസം കഴിയാനുള്ള പല വ്യഞ്ജന കിറ്റ് നഗരസഭ നൽകും. സാധാരണക്കാർ പരിശോധനയിൽ നിന്നു ഒഴിഞ്ഞു നിൽക്കാതിരിക്കാനാണ് ഇതെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.