ഹരിപ്പാട്: സ്വന്തം കടയ്ക്കു മുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പച്ചക്കറി മൊത്തവ്യാപാരി കുമാരപുരം താമല്ലാക്കൽ പുത്തൻവീട്ടിൽ ഫസലുദ്ദീൻ (55) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ദേശീയപാതയോരത്ത് കരുവാറ്റ തിരുവിലഞ്ഞാൽ ദേവീ ക്ഷേത്രത്തിനു തെക്കു ഭാഗത്തായിരുന്നു പച്ചക്കറിക്കട നടത്തിയിരുന്നത്. 23ന് രാത്രി ഏഴരയോടെയായിരുന്നു അപകടം. കടയടച്ച ശേഷം എതിർവശത്തുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കവേ തെക്കുനിന്നു വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. ഭാര്യ: നബീസത്ത്. മക്കൾ: മുജീബ്, നജീമ. മരുമക്കൾ: മുത്തുകോയ, ഷഹിന. കബറടക്കം താമല്ലാക്കൽ മുസ്ലിം ജമാഅത്തിൽ ഇന്ന് നടക്കും. ബൈക്ക് യാത്രികനായ യുവാവ് പരിക്കുകളോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്.