
ആലപ്പുഴ: ഒരു വർഷമായി ജീവിതത്തിന്റെ ഭാഗമായ 'പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് ' (പി.പി.ഇ) കിറ്റിനോട് പൊരുത്തപ്പെട്ട് മുന്നേറുകയാണ് കൊവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകർ. കിറ്റ് ധരിക്കുന്നതിനടക്കം ആദ്യഘട്ടത്തിൽ നേരിട്ടിരുന്ന ബുദ്ധിമുട്ടുകളുമായി ഭൂരിഭാഗം പേരും ഇപ്പോൾ ഇഴുകിച്ചേർന്നു. ചുരുക്കം ചിലരിൽ തൊലിപ്പുറത്ത് അസ്വസ്ഥതകൾ നേരിടുന്നുണ്ട്.
നാല് മുതൽ ആറ് മണിക്കൂർ വരെ വെള്ളം പോലും കുടിക്കാൻ സാധിക്കില്ല. കൊവിഡ് രോഗമുക്തരായി ജോലിയിൽ തിരികെ പ്രവേശിച്ച ആരോഗ്യ പ്രവർത്തകർക്ക് കിറ്റും മാസ്ക്കും ദീർഘസമയം ഇപയോഗിക്കുമ്പോൾ ശ്വാസതടസം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദേഹമാസകലം മൂടിക്കെട്ടി യന്ത്രപ്പാവകളെപ്പോലെ ജോലി ചെയ്യുന്ന ഇവരുടെ ആത്മസമർപ്പണമാണ് നമ്മുടെ കൊവിഡ് അതിജീവനത്തിന്റെ കാതൽ.
ഐസൊലേഷൻ വാർഡുകളിൽ ഓരോ നഴ്സിനും നാല് മുതൽ ആറ് മണിക്കൂർ വരെ ഡ്യൂട്ടിയുണ്ട്. ശ്വാസം മുട്ടുന്ന ഈ മണിക്കൂറുകൾ തുടർച്ചയായ 10 ദിവസത്തിലേക്ക് ചുരുക്കിയിട്ടുണ്ട്. മറ്റൊരാളുടെ സഹായത്തോടെ വേണം പി.പി.ഇ കിറ്റ് ധരിക്കാൻ. ഡോണിംഗിലും (കിറ്റ് ധരിക്കൽ) ഡോഫിംഗിലും (കിറ്റ് ഊരുന്നത്) നേരിയ പിഴവ് സംഭവിച്ചാൽ അതിവേഗം കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കും. ലഭിക്കുന്ന കിറ്റുകളുടെ തയ്യൽ മുതൽ സകല കാര്യങ്ങളും പരിശോധിച്ച ശേഷമാണ് ഓരോരുത്തരും ഇവ ധരിക്കുന്നത്. ദേഹമാസകലം പൊതിയുന്നതിനൊപ്പം കാലുകളിൽ ഷൂ കവർ, കൈകളിൽ ഗ്ലൗസ്, പിന്നെ മാസ്ക്, തൊപ്പി, കണ്ണട, ഷീൽഡ് എന്നിവയും ധരിച്ചാണ് പടയൊരുക്കം. ഇതു കൂടാതെ പേപ്പർ പ്ലാസ്റ്ററും പ്ലാസ്റ്റിക് ഏപ്രണും ധരിച്ച് പലരും അധിക സുരക്ഷിതത്വം ഉറപ്പിക്കാറുണ്ട്.
സുരക്ഷയാണ് മുഖ്യം
വൈറോളജി ലാബുകളിലെ ജീവനക്കാർ, ഐസൊലേഷൻ വാർഡ് കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരാണ് ഏറ്റവും കൂടുതൽ സമയം പി.പി.ഇ കിറ്റ് ധരിക്കുന്നത്.പി.പി.ഇ കിറ്റ് അഴിച്ചുമാറ്റാൻ ആരും സഹായിക്കില്ല. മുമ്പ് അരമണിക്കൂർ കൊണ്ടാണ് കിറ്റ് അഴിച്ചിരുന്നതെങ്കിൽ ഇപ്പോൾ ശീലമായതോടെ മിനിട്ടുകൾ മാത്രം മതിയെന്ന് ജീവനക്കാർ പറയുന്നു. ശുചീകരണ തൊഴിലാളികൾക്ക് മണിക്കൂറുകളോളം പെരിവെയിലത്ത് കിറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരും.
'കിറ്റി"നുള്ളിൽ കയറിയാൽ
മണിക്കൂറുകൾ പിന്നിടുന്നതോടെ വിയർത്തുരുകും
ഇത്തിരി കാറ്റ് പോലും കിറ്റിനുള്ളിൽ കയറില്ല
ധരിക്കുന്നതിന് 3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കണം
വെള്ളം കുടിക്കാനോ പ്രാഥമികാവശ്യങ്ങൾക്ക് പോകാനോ സാധിക്കില്ല
നിർജലീകരണം പ്രധാന പ്രശ്നം
കിറ്റ് ഊരിക്കഴിയുമ്പോൾ വിയർത്തുകുളിച്ച അവസ്ഥ
......................
റൊട്ടേഷൻ ക്രമത്തിലാണ് ഇപ്പോൾ ഡ്യൂട്ടിയെന്നതിനാൽ ഒരാൾക്ക് മാസത്തിൽ 10 ദിവസം മാത്രം പി.പി.ഇ കിറ്റ് ധരിച്ചാൽ മതി. കൊവിഡ് ബ്രിഗേഡിയർമാർക്ക് എല്ലാ ദിവസവും ഡ്യൂട്ടിയുണ്ടാകും. കൊവിഡ് ഭേദമായി തിരിച്ചെത്തിയവർക്ക് കിറ്റ് ധരിക്കുമ്പോൾ ഇടയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ട്
-നൗഫൽ, നഴ്സ്, മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ