കൊവിഡ് നിയന്ത്രണം വീണ്ടും ആഘാതമായി
ആലപ്പുഴ: കൊവിഡിന്റെ രണ്ടാം തരംഗത്തിലും നിയന്ത്രണം കടുത്തതോടെ പൂ വിപണിക്ക് ഡിമാൻഡിടിഞ്ഞു. ജില്ലയിൽ കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് വിപുലമായ പൂ കൃഷി നടത്തുന്ന സഹകരണ സംഘങ്ങളിൽ പോലും മുൻകാലത്തേതു പോലെ ആവശ്യക്കാരെത്തുന്നില്ല. ഇതോടെ കർഷകരും പ്രതിസന്ധിയിലാണ്.
ഭൂരിഭാഗം കർഷകരും തൊഴിലുറപ്പ് ജോലിയിലേക്ക് തിരിഞ്ഞതായി സംഘം ഭാരവാഹികൾ പറയുന്നു. നിലനിൽപ്പിനുള്ള സഹായം സർക്കാരിൽ നിന്നു ലഭിച്ചാൽ കൂടുതൽ കർഷകരെ മടക്കി കൊണ്ടുവരാൻ സാധിക്കും. ബ്ലോക്കുകളിൽ സമർപ്പിച്ച പദ്ധതികളുടെ അടിസ്ഥാനത്തിൽ വിവിധ കാലഘട്ടങ്ങളിൽ പൂ കൃഷി പ്രോത്സാഹനത്തിനായി ലക്ഷങ്ങൾ അനുവദിച്ചിരുന്നു. എന്നാൽ അനുമതി ലഭിച്ചതല്ലാതെ ഒരു രൂപ പോലും കർഷകർക്കോ സംഘത്തിനോ ലഭിച്ചിട്ടില്ലെന്ന് കഞ്ഞിക്കുഴി പൂ കൃഷി സഹകരണ സംഘം പ്രസിഡന്റ് സരസ്വതിയമ്മ പറയുന്നു. കർഷകരുടെ എണ്ണം കുറഞ്ഞെങ്കിലും മുൻ നിശ്ചയ പ്രകാരമുള്ള സ്ഥിരവിലയാണ് ഇപ്പോഴും നൽകുന്നത്.
കർഷകരിൽ നിന്ന് കിലോയ്ക്ക് 300 രൂപ പ്രകാരമാണ് സംഘങ്ങൾ മുല്ലമൊട്ട് വാങ്ങുന്നത്. ഇത് 350 രൂപ നിരക്കിൽ കച്ചവടക്കാർക്ക് നൽകും. മൊട്ട് മാലയായി കെട്ടി നൽകുമ്പോൾ നിരക്ക് കൂടും. ബന്ദിപ്പൂവിന് വലുപ്പമനുസരിച്ച് 50 രൂപ വരെ ലഭിക്കും.
സീസൺ മാന്ദ്യം
ക്ഷേത്രങ്ങളിലേക്ക് പതിവ് ആവശ്യത്തിന് പൂക്കൾ പോകുന്നതല്ലാതെ മുല്ലയ്ക്കും റോസയ്ക്കുമൊന്നും ആവശ്യക്കാരില്ല. നാട്ടിൻ പുറങ്ങളിലെ പൂ കർഷകരെ ആശ്രയിക്കാതെ, തമിഴ്നാടൻ കച്ചവടക്കാരിൽ നിന്നാണ് ഇപ്പോഴും ജില്ലയിലെ പൂ വില്പനക്കാർ സ്റ്റോക്കെടുക്കുന്നത്. വരുമാനം ഇടിഞ്ഞതോടെ ക്ഷേത്രങ്ങളും വാങ്ങുന്ന പൂക്കളുടെ അളവ് വെട്ടിച്ചുരുക്കി. വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുള്ളതിനാൽ വിവാഹ സീസണുകളിൽ പോലും പതിവ് കച്ചവടം ലഭിക്കുന്നില്ല.
ആകർഷിക്കണം
സർക്കാരിൽ നിന്ന് മികച്ച പ്രോത്സാഹനം ലഭിച്ചാൽ കഞ്ഞിക്കുഴി പോലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂ കൃഷി വ്യാപകമാക്കാൻ സാധിക്കും. സബ്സിഡി ലഭിക്കുന്നതോടെ കൂടുതൽ പേർ കാർഷിക രംഗത്തേക്കെത്തും. ഇതോടെ തമിഴ്നാടൻ ലോബിയിൽ നിന്ന് നാട്ടിൻ പുറത്തെ കർഷകരിലേക്ക് പൂ വ്യവസായം വ്യാപിപ്പിക്കാൻ സാധിക്കും.
പലപ്പോഴായി തുകകൾ പാസാക്കി അനുവദിക്കുന്നതല്ലാതെ സർക്കാർ തലത്തിൽ നിന്ന് യാതൊരു സഹായവും പൂ കർഷകർക്കോ, സംഘങ്ങൾക്കോ ലഭിക്കുന്നില്ല. മികച്ച രീതിയിൽ പ്രോത്സാഹനം ലഭിച്ചാൽ നമ്മുടെ നാട്ടിലേക്ക് ആവശ്യമായ പൂവ് ഉത്പാദിപ്പിക്കാൻ നമുക്ക് സാധിക്കും
സരസ്വതിയമ്മ, പ്രസിഡന്റ്, കഞ്ഞിക്കുഴി പൂ കൃഷി സഹകരണ സംഘം