ആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സി.എഫ്.എൽ.ടി.സി.കളിലും ആവശ്യത്തിന് ജീവനക്കാരുണ്ടെന്നു ഉറപ്പു വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർദ്ദേശിച്ചു. ജില്ലയിലെ സി.എഫ്.എൽ.ടി.സി.കളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജീവനക്കാരുടെ ഒഴിവുള്ള സ്ഥലങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും തുക ഉൾപ്പെടുത്തി ആളെ നിയമിക്കണം. സി.എഫ്.എൽ.ടി.സി.കളിൽ പി.പി.ഇ. കിറ്റ്, ആന്റിജൻ ടെസ്റ്റ്, ചൂടു വെള്ള സംവിധാനം, പൾസ് ഓക്സിമീറ്റർ എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത് കൊവിഡ് പ്രവർത്തങ്ങൾക്കായി നൽകിയ ഫണ്ട് വിനിയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.