s

എടത്വാ: വിളവെടുപ്പ് കഴിഞ്ഞ് പതിനഞ്ച് ദിവസം പിന്നിട്ടിട്ടം നെല്ല് സംഭരണം നടക്കാത്തതിൽ പ്രതിഷേധിച്ച് തലവടി കൃഷിഭവൻ കർഷകർ ഉപരോധിച്ചു. കൃഷിഭവൻ പരിധിയിലെ എട്ടിയാരിമുട്ട് കോതാകരി, ചൂട്ടുമാലിൽ, കരുവേലി പാടശേഖരങ്ങളിലെ നെല്ല് സംഭരണം നടക്കാത്തതിനെതുടർന്നാണ് അസി. കൃഷി ഓഫീസർ അഞ്ജു മറിയം ജോസഫ് ഉൾപ്പെടെ നാല് ജീവനക്കാരെ ഓഫീസിൽ കടത്തിവിടാതെ കർഷകർ തടഞ്ഞുവെച്ചത്. വിളവെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കാൻ മില്ലുടമകളോ, ഏജന്റോ എത്തിയിട്ടില്ല. വിളവെടുത്ത 5000 കിന്റൽ നെല്ല് പാടത്തും റോഡിലും പറമ്പിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഗോഡൗൺ സൗകര്യം കുറവാണെന്ന് പറഞ്ഞാണ് മില്ലുകാർ നെല്ല് സംഭരണം നീട്ടിക്കൊണ്ടുപോകുന്നതെന്ന് കർഷകർ പറയുന്നു. നൂറോളം കർഷകരാണ് മൂന്ന് പാടങ്ങളിലായി കൃഷി ചെയ്യുന്നത്. വേനൽമഴ ശക്തിപ്രാപിച്ചാൽ രണ്ട് കോടിയോളം രൂപയുടെ നഷ്ടം കർഷകർക്ക് ഉണ്ടാകും.
എടത്വാ സി.ഐ പ്രതാപ ചന്ദ്രൻ, എസ്‌.ഐമാരായ ഷാംജിത്ത്, ഷാംനിവാസ്, ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് ജോജി എബ്രഹാം, സൊസൈറ്റി ബോർഡ് മെമ്പർമാരായ എബ്രഹാം കരിമ്പിൽ, സിന്ധു മഹേശൻ, പാടശേഖര സമതി ഭാരവാഹികളായ ബീന ഉത്തമൻ, അനിയൻ, രമേശ് വി. ദേവ് എന്നിവർ നടത്തിയ ചർച്ചയെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.