a
ആറ്റിലേക്ക് മറിഞ്ഞു കിടക്കുന്ന ലോറി

മാവേലിക്കര: നെല്ല് കയറ്റി വന്ന ലോറി ആറ്റിലേക്ക് മറിഞ്ഞു. ഡ്രൈവറെ പ്രദേശവാസികൾ അത്ഭുതകരമായി രക്ഷപ്പെടുത്തി.

ചെന്നിത്തല രണ്ടാം ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് കയറ്റി വന്ന ലോറി, വാഴക്കൂട്ടംകടവ് പാമ്പനംചിറ റോഡിന്റെ തിട്ട ഇടിഞ്ഞാണ് അപകടത്തി​ൽപ്പെട്ടത്.

തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർ മോഹൻദാസ് (64 ), പാടശേഖരത്തിലെ ചുമട്ടുതൊഴിലാളി​ സിബി എന്നിവരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ലോറി വെള്ളത്തിലേക്ക് മറിയുന്നത് കണ്ട പ്രദേശവാസികളായ പ്രസാദ്, അനി, ബെന്നി എന്നിവർ ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഡ്രൈവർ മോഹൻദാസ് വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടെയാണ് രക്ഷപെടുത്തിയത്.

ഇയാളെ ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു.

ലോറി പൂർണ്ണമായും വെള്ളത്തിനടിയിൽ താഴ്ന്ന നിലയിലാണ്. ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, പഞ്ചായത്തംഗങ്ങളായ ജയദേവ്, ഗോപൻ ചെന്നിത്തല, ദീപു, അജിത ദേവരാജ്, ജില്ലാ പഞ്ചായത്ത് അംഗം ആതിര, ബ്ലോക്ക് മെമ്പർമാരായ സുകുമാരി തങ്കച്ചൻ, ഉമാ താരാനാഥ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. 45 ലക്ഷത്തോളം രൂപ വിലവരുന്ന നെല്ലാണ് ലോറിയിൽ ഉണ്ടായിരുന്നത്.