a
ലോട്ടറി സുകുമാരനെ ശരണാലയം ഏറ്റെടുക്കുന്നു

മാവേലിക്കര: അര നൂറ്റാണ്ട് കാലം ലോട്ടറി വ്യാപാരിയായി കേരളത്തിലെ വിവിധ പട്ടണങ്ങളിൽ ചുറ്റിനടന്ന് ജീവിച്ച ലോട്ടറി സുകുമാരനെന്നറിയപ്പെടുന്ന സുകുമാരന് അവസാനം ശരണാലയം അഭയമായി. തട്ടാരമ്പലത്തിന് സമീപം കടത്തിണ്ണയിൽ അവശനായി കിടക്കുന്ന നിലയിലാണ് മറ്റം സെന്റ് ജോൺസ് സ്‌കൂൾ ജീവനക്കാരനും മനുഷ്യാവകാശ പ്രവർത്തകനുമായ തോമസ് വാഴക്കുന്നേൽ സുകുമാരനെ കണ്ടെത്തിയത്. തുടർന്ന് മാവേലിക്കര ജനമൈത്രി പൊലീസിന്റെ സഹായത്തോടെ നേതാജി പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മാവേലിക്കര കൊച്ചിക്കലെ ശരണാലയവുമായി ബന്ധപ്പെടുകയായിരുന്നു. ശരണാലയം ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായതിനെ തുടർന്ന് കൊവിഡ് പരിശോധനയും മറ്റ് നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഏറ്റെടുക്കുകയായിരുന്നു. മാവേലിക്കര മുൻസിപ്പൽ കൗൺസിലർ രേശ്മ ഉണ്ണികൃഷ്ണൻ, തോമസ് വാഴക്കുന്നേൽ എന്നിവർ ചേർന്ന് നേതാജി പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.പി.പൊന്നൻ, സെക്രട്ടറി ശ്രീമുരുകൻ മഠത്തിൻ, പി.ആർ.ഒ ബേബി തട്ടാരമ്പലം, ട്രഷറാർ ശോഭാകുമാരി എന്നിവർക്ക് സുകുമാരനെ കൈമാറുകയായിരുന്നു.