ആലപ്പുഴ : കൊവിഡ് രണ്ടാം തരംഗ ഭീതിയിൽ യാത്രക്കാർ പിൻവാങ്ങിയതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്ന തിങ്കളാഴ്ചകളിൽ, കൊവിഡ് രണ്ടാം തരംഗത്തിനു മുമ്പ് ആലപ്പുഴ ഡിപ്പോയിൽ വരുമാനം ഒമ്പത് ലക്ഷത്തിനു മുകളിലായിരുന്നെങ്കിൽ കഴിഞ്ഞ തിങ്കളാഴ്ച അത് നാല് ലക്ഷത്തിൽ താഴെയായി കുറഞ്ഞു.
പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് കാരണം. ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിട്ടില്ലെങ്കിലും യാത്രക്കാരുടെ ബാഹുല്യം അനുസരിച്ച് ട്രിപ്പ് ക്രമീകരിച്ചാണ് കെ.എസ്.ആർ.ടി.സി പിടിച്ചു നിൽക്കുന്നത്. രാവിലെയും വൈകിട്ടും സ്ഥിരം യാത്രക്കാരുണ്ടെങ്കിലും ഉച്ച സമയത്ത് ബസ് സ്റ്റാൻഡുകൾ ആളനക്കമില്ലാത്ത നിലയിലാണ്. കഴിഞ്ഞവർഷം ലോക്ക് ഡൗണിനെ തുടർന്ന് ഏറെനാൾ കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തിയില്ല. പിന്നീട് സർവീസുകൾ പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ നവംബർ,ഡിസംബർ മാസങ്ങളിൽ കൊവിഡ് നിരക്കിൽ കുറവ് വന്നതോടെ യാത്രക്കാർ ആനവണ്ടിയിലേക്ക് തിരിച്ചെത്തി. ഇതോടെ വരുമാനവും ഉയർന്നു. സർവീസുകൾ നിറുത്തിവെച്ചാൽ സ്ഥിരം യാത്രക്കാരും കൈവിടുമോ എന്ന ആശങ്കയിൽ വരുമാന നഷ്ടമുണ്ടെങ്കിലും വരും ദിവസങ്ങളിലും പരമാവധി സർവീസുകൾ തുടരാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാനുള്ള നിർദേശം കെ.എസ്.ആർ.ടി.സി അധികൃതർ എല്ലാ ഡിപ്പോകൾക്കും നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് പുറത്തിറങ്ങാൻ നിയന്ത്രണമുണ്ടായിരുന്ന കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ നഷ്ടം സഹിച്ചും കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തി. സംസ്ഥാനത്ത് 3200 കെ.എസ്.ആർ.ടി.സി ബസുകളാണ് ദിനംപ്രതി സർവീസ് നടത്തുന്നത്. ലോക്ക്ഡൗൺ കാലത്ത് സർവീസ് നിർത്തിവച്ച പല നോൺ എ.സി ലോഫ്ലോർ ബസുകളും ഇപ്പോഴും സർവ്വീസ് നടത്തുന്നില്ല. മിനിമം ചാർജ് കൂടുതലാണെന്നതും ഡീസൽ വിലവർദ്ധനവും കാരണമാണ് നോൺ എ.സി ലോഫ്ലോർ സർവീസുകൾ അധികമായി നടത്താത്തത്. കൊവിഡ് മാനദണ്ഡപ്രകാരം ഒരു ബസിൽ സാമൂഹിക അകലം പാലിച്ച് 30 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.
ആലപ്പുഴ ഡിപ്പോയിലെ
പ്രതിദിന വരുമാനം
കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് - 9 ലക്ഷം
രണ്ടാം തരംഗത്തിനു ശേഷം - 4 ലക്ഷം
ഡിപ്പോകളും ഷെഡ്യൂളുകളും
(ലോക്ക് ഡൗണിന് മുമ്പ്)
ആലപ്പുഴ - 77
ചെങ്ങന്നൂർ - 42
ചേർത്തല - 77
ഹരിപ്പാട് - 43
കായംകുളം - 68
മാവേലിക്കര - 35
''കഴിഞ്ഞ 21 മുതൽ വലിയ വരുമാന നഷ്ടമാണ് കെ.എസ്.ആർ.ടി.സി നേരിടുന്നത്. യാത്രക്കാർ തീരെയില്ല. സർവീസുകൾ കുറച്ചിട്ടില്ല.
- അശോക് കുമാർ, ഡി.ടി.ഒ, ആലപ്പുഴ