മാവേലിക്കര: അയിത്തോച്ചാടനം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നയമാക്കി മാറ്റിയതിൽ നിർണ്ണായക പങ്ക് വഹിച്ചത് ദേശാഭിമാനി ടി.കെ.മാധവനാണെന്ന് എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് പറഞ്ഞു.
ടി.കെ.മാധവൻ സ്മൃതി ദിനാചരണത്തിന് തുടക്കം കുറിച്ച് ചെട്ടികുളങ്ങരയിലെ സ്മൃതി മണ്ഡപത്തിൽ ഭദ്രദീപ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത് കുറഞ്ഞ കാലയളവിൽ അമ്പതിനായിരത്തിൽപ്പരം പുതിയ അംഗങ്ങളെ ചേർക്കുകയും ശാഖകൾ രൂപീകരിച്ച് യോഗത്തിന് സംഘടനാ അടിത്തറ പാകുകയും ചെയ്തത് ടി.കെ മാധവനാണ്.
അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ ജന്മസ്ഥലമായ മാവേലിക്കരയിൽ ഒരു പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ അധികാരികൾ തയ്യാറാകണമെന്നും ആനന്ദരാജ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മാവേലിക്കര നഗരസഭയ്ക്ക് വീണ്ടും നൽകും.
യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, കേരളകൗമുദി സർക്കുലേഷൻ മാനേജർ രമേഷ് പണിക്കർ, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ നവീൻ വി.നാഥ്, അഖിലേഷ് സത്യൻ, കണ്ണൻ, ശാഖ ഭാരവാഹികളായ വിജയൻ, രാജൻ എന്നിവർ പങ്കെടുത്തു.