ആലപ്പുഴ: കലവൂരിലെ പെട്രോൾ പമ്പിൽ നിന്ന് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13.63 ലക്ഷം രൂപ ബൈക്കിലെത്തി കവർന്ന രണ്ടംഗ സംഘത്തെ കണ്ടെത്താനായി ആലപ്പുഴ ഡിവൈ എസ്.പി ഡി.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മണ്ണഞ്ചേരി, ആലപ്പുഴ സി.ഐമാരായ രവി സന്തോഷ്, സനൽ, എസ്.ഐമാർ ഉൾപ്പെടെ 15 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
പമ്പിന് സമീപത്തെ സി.സി ടി.വികാമറകൾ പരിശോധിച്ചെങ്കിലും മോഷ്ടക്കളെകുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. സംഭവ സ്ഥലം മുതൽ വടക്കോട്ട് ദേശീയപാതയിലെയും പ്രധാന റോഡുകളിലെയും കൂടുതൽ സി.സി ടി.വികാമറകൾ പരിശോധിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കലവൂർ മലബാർ ഹോട്ടലിനു സമീപമായിരുന്നു സംഭവം. ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപത്തെ പമ്പിലെ ജീവനക്കാരൻ പണവുമായി സൈക്കിളിൽ പോകുമ്പോൾ ജാക്കറ്റും ഹെൽമെറ്റും മാസ്‌കും ധരിച്ചയാൾ നടന്നുവന്ന് ജീവനക്കാരനെ തള്ളിയിട്ടശേഷം ബാഗ് കവർന്നു. ഈ സമയം ജാക്കറ്റും ഹെൽമറ്റും ധരിച്ച മറ്റൊരാൾ ബൈക്കിലെത്തി മോഷ്ടാവിനെയും കയറ്റി ചേർത്തല ഭാഗത്തേക്ക് കടക്കുകയായിരുന്നു.