മാവേലിക്കര: പ്രേതബാധ ഒഴിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തു വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ ചോദിച്ച ദമ്പതികളെയും വൃദ്ധ മാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിലായിരുന്ന മന്ത്രവാദി താന്നി ആലുവിള വീട്ടിൽ ബലഭദ്രൻ (63) പിടിയിൽ. കൊല്ലം പാരിപ്പള്ളി കുളമട സ്വദേശികളെ സ്വന്തം വീട്ടിൽവച്ച് ആക്രമിച്ച ശേഷം ഒളിവിൽ പോയ ബലഭദ്രനെ കൊല്ലകടവിൽ നിന്ന് ഇരവിപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെയും എ.സി.പി വിജയന്റെയും മേൽനോട്ടത്തിൽ സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടക്കവേ ഇയാൾ വെളിയത്തുള്ള രണ്ടാംഭാര്യയുടെ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മാവേലിക്കരയിലേക്ക് കടന്നു. മാവേലിക്കര കൊല്ലകടവ് ഭാഗത്ത് ഒളിവിൽ കഴിയുന്നതിനിടെ പിടിയിലാവുകയായിരുന്നു. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ പിടിയിലായ വിവരമറിഞ്ഞ് നേരത്തേ തട്ടിപ്പിനിരയായ പലരും പരാതിയുമായി എത്തുന്നുണ്ട്.
കഴിഞ്ഞ മാർച്ച് 29ന് വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ദമ്പതികളിൽ യുവതിയുടെ അമ്മയുടെ അച്ഛന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും പറഞ്ഞാണ് ആക്രമണത്തിനിരയായവർ ഇയാളെ സമീപിച്ചത്. ബലഭദ്രൻ പലപ്പോഴായി ഇവരിൽനിന്ന് ഒരുലക്ഷം രൂപ വാങ്ങി. എന്നാൽ 'മന്ത്രവാദം' ഫലിച്ചില്ല. ഇതോടെ ദമ്പതികൾ പണം തിരികെ ചോദിച്ചു തുടങ്ങി. പല അവധികൾക്കു ശേഷം 29ന് പണം നൽകാമെന്നു പറഞ്ഞ് ഇവരെ വീട്ടിൽ വിളിച്ചുവരുത്തുകയും വാക്കേറ്റത്തിനിടെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ വൃദ്ധ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐ.മാരായ ദീപു, സൂരജ്, സുതൻ, സന്തോഷ്, അജിത് കുമാർ, എ.എസ്.ഐ ഷിബു പീറ്റർ, സി.പി.ഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.