ചേർത്തല: കൊവിഡ് ബാധിതരുടെ വീടുകളിലുള്ള പശുക്കളുടേയും മ​റ്റും സുരക്ഷ ഉറപ്പാക്കാനായി കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആനിമൽ ഡേ കെയർ സെന്റർ ആരംഭിക്കും. ക്ഷീരമേഖലയുമായി ബന്ധപ്പെട്ടവരുടെയും മൃഗസംരക്ഷണ ഉദ്യാഗസ്ഥരുടേയും പഞ്ചായത്ത് ജാഗ്രതാ സമിതിയുടേയും സംയുക്ത യോഗത്തിലാണ് തീരുമാനം.

കറവപ്പശുക്കളുടെ സംരക്ഷണം വിഷയമായപ്പോഴാണ് പഞ്ചായത്ത് ഇടപെട്ടത്. കെ.എൻ.കാർത്തികേയൻ ചെയർമാനും ​ടി.എൻ. വിശ്വനാഥൻ കൺവീനറുമായ കമ്മി​റ്റിയാണ് നേതൃത്വം വഹിക്കുന്നത്. പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം നേരത്തേ അംഗീകാരം നൽകിയിരുന്നു. പഞ്ചായത്തിന്റെ മൂന്നു ഭാഗങ്ങളിലായി സൗകര്യം ഒരുക്കാനാണ് ആലോചിച്ചിട്ടുള്ളത്. ഇവിടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സന്നദ്ധ സേനയ്ക്കു രൂപം നൽകും. കൊവിഡ് ബാധിതരുടെ വീടുകളിലെ വളർത്തുമൃഗങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ സേവന പ്രവർത്തകരുടെ സഹായത്താൽ എത്തിച്ചു നൽകുന്ന പദ്ധതിയും ആനിമൽ ഡേ കെയർ സെന്റർ വഴി ഉണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ പദ്ധതികൾ വിശദീകരിച്ചു.
സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈരഞ്ജിത്ത്, കെ. കമലമ്മ, ജ്യോതി മോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, വെ​റ്ററിനറി സർജൻ ഡോ.എസ്.ജയശ്രീ, പഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി, ക്ഷീരസംഘം പ്രസിഡന്റുമാരായ കെ.എൻ. കാർത്തികേയൻ, ഒ.പി.മോഹനദാസ്, ടി.ജി. ഗോപിനാഥൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്.ജയകുമാർ, ടി.എൻ.വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.