ആലപ്പുഴ: നഗരസഭയുടെ പരിധിയിൽ കൊവിഡ് വ്യാപനം തടയാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സർവകക്ഷി യോഗം തീരുമാനിച്ചു.
വരും ദിവസങ്ങളിൽ 52 വാർഡുകളിലും ബോധവത്കരണ കാമ്പയിൻ നടത്തും. അതിന്റെ ഭാഗമായി സ്റ്റിക്കർ പതിക്കും. കൊവിഡ് പ്രതിരോധ ലഘുലേഖകൾ വിതരണം ചെയ്യും. പൊതു സ്ഥലങ്ങളിൽ അണു നശീകരണി തളിക്കാനും വൈകിട്ട് ഫോഗിംഗ് നടത്താനും വീടുകളിൽ ഒരേ സമയം വിവിധ ആയുർവ്വേദ മരുന്നുകളടങ്ങിയ അണുനശീകരണ ചൂർണ്ണം പുകച്ച് ധൂമസന്ധ്യ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
കൊവിഡ് രോഗികളുടെ സേവനത്തിനായി രണ്ട് ആംബുലൻസുകൾ നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. അണുനശീകരണ ലായനി തളിക്കാൻ കൂടുതൽ സ്‌പ്രേയറുകൾ വാങ്ങി. നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന മാസ് ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്ന തൊഴിലാളികൾക്ക് നഗരസഭ പലവ്യഞ്ജന കിറ്റ് നൽകുന്നുണ്ട്. ഇതിലേക്ക് പൊതുജനങ്ങളുടെ സഹായം തേടാനും യോഗം തീരുമാനിച്ചു. നഗരസഭയുടെ ചെയർപേഴ്‌സൺസ് റിലീഫ് ഫണ്ട് എന്ന അക്കൗണ്ടിലേക്ക് സഹായം എത്തിക്കാം. അക്കൗണ്ട് നമ്പർ-35639622359. ഐ.എഫ്.എസ് കോഡ്- SBlNO003054, എസ്.ബി.ഐ ഇരുമ്പുപാലം ശാഖ.
യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ നഗരസഭയിലെ കക്ഷി നേതാക്കളായ എം.ആർ.പ്രേം, ഇല്ലിക്കൽ കുഞ്ഞുമോൻ, ഹരികൃഷ്ണൻ, സലിം മുല്ലാത്ത്, ബിന്ദു തോമസ്, എം.ജി.സതീദേവി, നസീർ പുന്നയ്ക്കൽ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ബാബു എന്നിവർ പങ്കെടുത്തു.
ഇന്നലെ കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയന്റെ ജീവകാരുണ്യ സംഘടനയായ കൈത്താങ്ങിന്റെ നേതൃത്വത്തിൽ ചെയർപേഴ്‌സൺസ് റിലീഫ് ഫണ്ടിലേക്ക് 10,000 രൂപ സംഭാവന നൽകി. കൈത്താങ്ങ് ജില്ലാ സെക്രട്ടറി എൻ. പ്രദീപ് കുമാർ, പി.ജെ. വിൽഫ്രഡ്, മുഹമ്മദ് ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.