ഹരിപ്പാട്: തൃക്കുന്നപ്പുഴ പഞ്ചായത്ത് കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുവാനും പഞ്ചായത്ത് പരിധിയിലെ എല്ലാ പീലിംഗ് ഷെഡുകളും മെയ് രണ്ടു വരെ പ്രവർത്തനം നിർത്തിവയ്ക്കുവാനും സർവകക്ഷിയോഗത്തിൽ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുവാൻ പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിന്റെ സേവനം ഉറപ്പ് വരുത്തും. വാർഡ് തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെടൽ നടത്താൻ തീരുമാനിച്ചു. വാർഡ് അടിസ്‌ഥാനത്തിൽ ജനപ്രതിനിധികൾ , കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, ആശാ പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെ വാക്സിനേഷൻ രജിസ്‌ട്രേഷനടക്കമുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തും. ആയുർവേദ-ഹോമിയോ പ്രതിരോധ മരുന്നുകൾ ലഭ്യമാക്കാൻ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.റ്റി.എസ് താഹ, ബ്ലോക്ക്- ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.