ചേർത്തല: കൊവിഡ് വ്യാപനം തടയാനായി നഗരസഭയുടെ നേതൃത്വത്തിൽ സാമുദായിക സംഘടന ഭാരവാഹികളുടെയും ഓട്ടോ ടാക്സി സംഘടനാ നേതാക്കളുടെയും യോഗം ചേർന്നു. വിവാഹം, മരണം അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. കൊവിഡ് ബാധിതരേയും നിരീക്ഷണത്തിൽ കഴിയുന്നവരേയും ആശുപത്രിയിലേക്കും തിരിച്ചും കൊണ്ടുപോകുമ്പോൾ അമിത ചാർജ്ജ് ഈടാക്കുന്നത് നിയന്ത്രിക്കാനും സ്റ്റാൻഡുകളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് ഉറപ്പുവരുത്താനും തീരുമാനിച്ചു. ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എസ്.സാബു, ജി. രഞ്ജിത്ത്, സെക്രട്ടറി കെ.എസ്.അരുൺ, ഹെൽത്ത് സൂപ്പർവൈസർ രാംകുമാർ എന്നിവർ പങ്കെടുത്തു.