bijo

എടത്വാ: വെള്ളക്കെട്ടിൽ വീണ പിഞ്ചുബാലന് പ്ളസ് വൺ വിദ്യാർത്ഥി രക്ഷകനായി. തലവടി കൊച്ചമ്മനം കൊതപ്പുഴശ്ശേരി റോയിച്ചന്റെ രണ്ട് വയസുള്ള ഇളയമകൻ അച്ചുവിനെയാണ് താറാവ് കർഷകനായ തുണ്ടിത്തറ ബാബുവിന്റേയും രഞ്ജിനിയുടേയും മകൻ ബിജോ രക്ഷിച്ചത്. ഒന്നാംക്ലാസുകാരനായ ജ്യേഷ്ഠനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന അച്ചു വീട്ടുകാരുടെ കണ്ണുവെട്ടിച്ച് സമീപത്തെ കണ്ടങ്കരി കമ്പങ്കരി പാടത്തെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. താറാവുമായി പാടത്തുണ്ടായിരുന്ന ബാബുവിന് ചായ കൊടുത്തു മടങ്ങിയ ബിജോ പാടത്തെ വെള്ളക്കെട്ടിലെ അനക്കം കണ്ട് ഓടിയടുത്തു. വെള്ളക്കെട്ടിൽ കൈയുംകാലുമിട്ടടിക്കുന്ന അച്ചുവിനെ വാരിയെടുക്കുകയായിരുന്നു. പിഞ്ചുകുട്ടിയെ രക്ഷിച്ച ബിജോയ്ക്ക് ധീരതയ്ക്കുള്ള അവാർഡ് നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ആവശ്യപ്പെട്ടു. തലവടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് രക്ഷകനായ ബിജോ.