rice

എടത്വാ: കർഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തലവടി കൃഷിഭവൻപരിധിയിലെ എട്ടിയാരിമുട്ട് കോതാകരി, ചൂട്ടുമാലിൽ, കരുവേലി പാടത്തെ അയ്യായിരം കിന്റൽ നെല്ല് സംഭരണത്തിന് ഇന്ന് തുടക്കമാകും. കർഷക പ്രതിഷേധത്തെ തുടർന്ന് പൊലീസും, ജനപ്രതിനികളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്ന പരിഹാരമായത്. പാഡി മാർക്കറ്റിംഗ് ഓഫീസിന്റെ നിർദ്ദേശ പ്രകാരം പാലക്കാട്ടുള്ള ഇർഫാൻ മില്ലുടമകളാണ് നെല്ല് സംഭരിക്കുന്നത്. സംഭരണത്തിന് മുന്നോടിയായി ഈർപ്പ പരിശോധന ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഇന്നലെ പൂർത്തിയാക്കി. അഞ്ച് കിലോ കിഴിവ് നൽകി സംഭരണം നടത്താനാണ് തീരുമാനിച്ചത്.
വിളവെടുപ്പ് കഴിഞ്ഞ് പതിനഞ്ച് ദിവസം പിന്നിട്ടിട്ടും നെല്ല് സംഭരണം നടക്കാത്തതിനെ തുടർന്ന് തലവടി അസ്സി. കൃഷി ഓഫീസർ അഞ്ജു മറിയം ജോസഫ് ഉൾപ്പെടെ നാല് ജീവനക്കാരെ ഓഫീസിൽ കടത്തിവിടാതെ കർഷകർ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചിരുന്നു.
നെല്ലിന്റെ ഗുണനിലവാര പരിശോധനയ്‌ക്കെത്തിയ മില്ലുടമകൾക്കൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി എബ്രഹാം

തുടങ്ങിയവരുമുണ്ടായിരുന്നു.