കായംകുളം : കാറിൽ സഞ്ചരിച്ച സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെയും ബന്ധുവിനെയും ബൈക്കിലെത്തിയ സംഘം തടഞ്ഞ്‌ നിറുത്തി ആക്രമിച്ച് 9,85,000 രൂപ കവർന്നതായി പരാതി. കൊറ്റുകുളങ്ങര ഇടശേരി ജംഗ്ഷനു സമീപം വച്ച് ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കൊറ്റുകുളങ്ങര കിഴക്കേ അയ്യത്ത് വീട്ടിൽ ഷാജഹാൻ, ഭാര്യാസഹോദരൻ കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷൻ പൊന്നറ വീട്ടിൽ മുഹമ്മദ് റാഫി, ഇവരുടെ ബന്ധു മൈമ്മൂനത്ത് എന്നിവർ കാറിൽ വരവേ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നു.സംഘത്തിലുണ്ടായിരുന്ന എരുവ സ്വദേശി മിഥുനെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിസംഘം ഷാജഹാന്റെ കൈയ്ക്ക് ഇരുമ്പുവടികൊണ്ട് അടിക്കുകയും റാഫിയുടെ കൈയ്ക്ക് വടിവാൾ കൊണ്ട് വെട്ടുകയും ചെയ്തു. മൂന്ന് പേരെയും താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റാഫി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനാണ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആവശ്യത്തിനായാണ് പണവുമായി കാറിൽ യാത്രചെയ്തതെന്ന് ഇവർ പറഞ്ഞു. മുഹമ്മദ് റാഫിയുടെ വീടിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. മുൻപരിചയമുള്ളവരാണ് അക്രമണം നടത്തിയതെന്നും പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.