ca

വീണ്ടും തീയണഞ്ഞ് കാറ്ററിംഗ് അടുപ്പുകൾ

ആലപ്പുഴ: തീവ്രത കൂടിയ കൊവിഡിന്റെ വ്യാപനം ശക്തമായതോടെ വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും ചടങ്ങായി മാറുന്നതിനാൽ കാറ്ററിംഗ് മേഖലയിലും രണ്ടാം പ്രതിസന്ധി. ആദ്യ ലോക്ക്ഡൗൺ നാളുകളും മറ്റു നിയന്ത്രണങ്ങളും കടന്ന് പതിയെ ഉയർത്തെുന്നേൽക്കുന്നതിനിടെയാണ് അതിതീവ്ര കൊവിഡ് ഇടിത്തീയായത്.

ഏപ്രിൽ, മേയ് മാസങ്ങളിൽ വിവാഹം, ഉത്സവം, ജന്മദിനാഘോഷം, ഗൃഹപ്രവേശം, നിശ്ചയം, ആദ്യകുർബാന, മാമോദിസ, പേരിടൽ ചടങ്ങ് എന്നിവയ്ക്ക് ധാരാളം ബുക്കിംഗുകൾ കാറ്ററിംഗ് സർവ്വീസുകാർക്ക് ലഭിച്ചിരുന്നു. കൊവിഡ് രണ്ടാംതരംഗത്തിൽ ഇവ റദ്ദായതോടെ അഡ്വാൻസ് തുക തിരിച്ചു നൽകാൻ പോലുമാകാതെ ബുദ്ധിമുട്ടുകയാണ് മേഖലയിലുള്ളവർ. ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനങ്ങളും കാറ്ററിംഗ് യൂണിറ്റുകൾക്ക് മികച്ച വരുമാന മാർഗ്ഗമായിരുന്നു. വിവാഹത്തിന് പരമാവധി 20 പേരെന്ന് നിശ്ചയിച്ചതോടെയാണ് കാര്യങ്ങൾ കുഴഞ്ഞത്.

മുമ്പ് സാധാരണ നിലയിൽ 500 മുതൽ 2000 പേർക്കുവരെയുള്ള സദ്യവട്ടങ്ങൾ യഥേഷ്ടം ലഭിച്ചിരുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ വിവാഹത്തിന് 200 പേരെ വരെ പങ്കെടുപ്പിക്കാമായിരുന്നു. എന്നാൽ 20 പേരായതിനാൽ പലരും സദ്യയും വെട്ടിക്കുറച്ചു. ജില്ലയിൽ കാറ്ററിംഗ് അസോസിയേഷനിൽ നൂറോളം അംഗങ്ങളുണ്ട്. അസോസിയേഷനിൽ ഇല്ലാത്തവരും ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. പ്രളയ കാലത്തേക്കാളും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ കാറ്ററിംഗ് മേഖലയിലെന്ന് ഉടമകൾ പറയുന്നു. വലിയ കാറ്ററിംഗ് യൂണിറ്റുകളിൽ 10 ലക്ഷം രൂപയുടെയെങ്കിലും പാത്രങ്ങളുണ്ടാവും. ഇതിനായി വാങ്ങിയ വായ്പയുടെ തിരിച്ചടവ് വീണ്ടും മുടങ്ങുന്ന അവസ്ഥയാണ്.

സകലതും സ്വാഹ

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തെ പ്രതിസന്ധി സമ്മാനിച്ച കടക്കെണിയിൽ നിന്ന് കാറ്ററിംഗ് ഉടമകൾ പൂർണമായും കരകയറിയിട്ടില്ല. കൊവിഡ് വില്ലനായെത്തിയതോടെ വർഷത്തിലെ പ്രധാന രണ്ടുസീസണുകളും ഇവർക്ക് നഷ്ടമായി. തിരക്കേറിയ പുതിയ സീസൺ പ്രതീക്ഷിച്ച് പാത്രങ്ങളടക്കമുള്ളവ വൻ തോതിൽ വാങ്ങിയവരും പെട്ടുപോയ അവസ്ഥയിലായി. പുതുതായി ഈ രംഗത്തേക്ക് എത്തിയവരും കടത്തിലാണ്.

.................................

സർക്കാരിന്റെ ഭാഗത്തു നിന്ന് ആശ്വാസ നടപടികളുണ്ടായാൽ മാത്രമേ ഇനി പിടിച്ചു നിൽക്കാനാകൂ. ഇത്തവണ പത്ത് ശതമാനം പോലും ബിസിനസ് ഉണ്ടായിട്ടില്ല. ഒന്ന് ഉണർവിലേക്ക് എത്തിയ സമയത്താണ് വീണ്ടും കാര്യങ്ങൾ തകിടം മറിഞ്ഞത്. ഞങ്ങൾക്ക് 30ൽ അധികം ബുക്കിംഗുകളാണ് ഒറ്റയടിക്ക് നഷ്ടമായത്

(ശ്യാം, പടിപ്പുര കാറ്ററിംഗ് യൂണിറ്റ് ഉടമ)