ആലപ്പുഴ : സംഭരണം നടക്കാത്തതിനാൽ, കൈനകരി കൃഷിഭവൻ പരിധിയിലുള്ള കുപ്പപ്പുറം പാടശേഖരത്തിൽ കൊയ്തെടുത്ത 7500 ക്വിന്റൽ നെല്ല് കെട്ടിക്കിടക്കുന്നു. വേനൽ മഴ തുടർന്നാൽ ഈ നെല്ല് കിളിർത്ത് നശിക്കാനിടവരും.129 ഹെക്ടർ നിലത്തെ കൊയ്ത്ത് കഴിഞ്ഞിട്ട് രണ്ടാഴ്ചയിലേറെയായി. 191 കർഷകരാണ് ഇവിടുള്ളത്.
സംഭരിക്കുന്നതിന് മുന്നോടിയായി അധികൃതർ എത്തി നെല്ല് പരിശോധിച്ചിട്ടു പോലുമില്ല. ഒരാഴ്ചയ്ക്ക് മുമ്പ് കളക്ടർ പാടശേഖര സമിതി ഭാരവാഹികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിനെത്തുടർന്ന്, വിവിധ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതിന് പാഡി ഓഫീസർ ,കൃഷി ഓഫീസർ എന്നിവരെ നിയോഗിച്ചിരുന്നു. ഇവർ നെല്ല് പരിശോധിച്ച് ആവശ്യമെങ്കിൽ കിഴിവു നിശ്ചയിച്ചുറപ്പിച്ച് മില്ലുകാരെ വരുത്തി നെല്ലെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് കളക്ടർ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ പാടശഖരത്തിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയിട്ടില്ല.
നെല്ലെടുക്കാമെന്ന് ഏറ്റിരുന്ന മില്ലുകൾ പിന്മാറിയെന്ന മറുപടിയാണ് പാടശേഖര സമിതിയും കർഷകരും അധികൃതരെ ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന മറുപടി. ഈ സ്ഥിതി തുടർന്നാൽ രണ്ടാം കൃഷിയുടെ നിലമൊരുക്കലും അനുബന്ധ ജോലികളും വൈകും. നെല്ല് സംഭരിക്കാത്തതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കർഷകർ.
കെട്ടികിടക്കുന്നത് 30000 ടൺ നെല്ല്
സംഭരിക്കുന്ന നെല്ലിന് 16 കിലോവരെ കിഴിവാണ് കുട്ടനാട്ടിലെ ചില പാടശേഖരങ്ങളിൽ മില്ലുകാർ ആവശ്യപ്പെട്ടത്. നെല്ലിന്റെ കൃത്യമായ ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷമാണ് സാധാരണ കിഴിവു നൽകേണ്ടത്. എന്നാൽ പതിരിന്റെയും ഉണക്കു കുറവിന്റെയും പേരു പറഞ്ഞ് മില്ലുകാർ തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് കർഷകർ പറയുന്നു.10 കിലോ കിഴിവെങ്കിലും നൽകണമെന്നാണ് മില്ലുകാരുടെ ഏജന്റുമാർ കർഷകരോട് ആവശ്യപ്പെടുന്നത്. ജില്ലയിൽ 1.55 ലക്ഷം ടൺ നെല്ലാണ് പുഞ്ചകൃഷിയിൽ പ്രതീക്ഷിക്കുന്നത്. നിലവിൽ 1.12 ലക്ഷം ടൺ സംഭരിച്ചു. 30000 ടണ്ണാണ് വിവിധ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്നത്.
'' കർഷകർ വിളയിച്ച നെല്ലു നശിക്കുന്നത് കണ്ടിട്ട് ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനിയും ഈ സ്ഥിതി തുടർന്നാൽ കൃഷി ഭവനുമുമ്പിൽ നിറപറ വച്ച് പ്രതിഷേധിക്കും
ടി.എസ്.സുനിൽ കുമാർ,കുപ്പപ്പുറം
പാടശേഖര കമ്മറ്റി പ്രസിഡന്റ്