പാസ് വിതരണം നിർത്തി, കൂട്ടിരുപ്പുകാർക്കും നിയന്ത്രണം
ആലപ്പുഴ : കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് ജില്ലയിലെ സർക്കാർ ഓഫീസുകളിലും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. സന്ദർശകർക്കുള്ള പാസ് വിതരണം നിറുത്തി. വൈകിട്ട് നാലു മുതൽ ആറുവരെ അനുവദിച്ചിരുന്ന സന്ദർശനവും നിരോധിച്ചു. ഒ.പി പ്രവർത്തന സമയം രാവിലെ എട്ടു മുതൽ 11 വരെയാക്കി . കൂട്ടിരിപ്പുകാർ വഴി രോഗം പടരുന്നതായി കണ്ടെത്തിയതിനാൽ രോഗികളുടെ കൂടെ ഒരു സഹായിയെ / കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കൂ. ഇങ്ങനെ വരുന്നവർ 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് ആന്റിജൻ ഫലം/രണ്ട് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കണം. ഗുരുതരമല്ലാത്ത രോഗങ്ങളുടെ ചികിത്സക്കായി ആശുപത്രിയെ സമീപിക്കാതെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണം. ആശുപത്രി പരിസരത്തും വാർഡുകളിലും കൂട്ടംകൂടി നിൽക്കുന്നത് കർശനമായി നിരോധിച്ചു. രോഗികളും കൂട്ടിരിപ്പുകാരും മുഴുവൻ സമയവും മാസ്‌ക് ധരിക്കണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ അറിയിച്ചു.
സർക്കാർ ഓഫീസുകളിലും നിയന്ത്രണം
ജില്ലയിലെ സർക്കാർ ഓഫീസുകളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊതുജനങ്ങളുടെ സന്ദർശനത്തിനും ജീവനക്കാരുടെ ദൈനംദിന പ്രവർത്തനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമാണ് ജീവനക്കാർക്ക് ഓഫീസുകളിൽ പ്രവേശനം. ഗുണനിലവാരമുള്ള മാസ്‌ക് ധരിക്കണം. സാമൂഹിക അകലം കർശനമായി പാലിക്കണം. പൊതുജനങ്ങളുടെ അപേക്ഷകളും പരാതികളും (ഫോൺ നമ്പർ രേഖപ്പെടുത്തിയത്) സ്വീകരിക്കുന്നതിന് എല്ലാ ഓഫീസുകളുടെയും പ്രധാന കവാടത്തിന് മുമ്പിൽ ഡ്രോപ് ബോക്‌സ് സ്ഥാപിക്കണം.
പൊതുജനങ്ങൾ ഓഫീസ് സന്ദർശനം ഒഴിവാക്കി അപേക്ഷകളും പരാതികളും ബന്ധപ്പെട്ട ബോക്‌സിൽ നിക്ഷേപിക്കണം. വാക്‌സിനേഷൻ എടുത്തിട്ടില്ലാത്ത ജീവനക്കാർ അടിയന്തരമായി വാക്‌സിൻ എടുക്കണം. കളക്ടറേറ്റിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അല്ക്സ് ജോസഫ് അറിയിച്ചു.