a
ചെട്ടികുളങ്ങര എച്ച്.എസ്.എസിൽ പി.പി.ഇ കിറ്റ് ധരിച്ചെത്തി എസ്.എസ്.എൽ.സി സാമൂഹികശാസ്ത്രം പരീക്ഷ എഴുതുന്ന അംബിക ചന്ദ്രൻ

മാവേലിക്കര: കൊവിഡ് ബാധിച്ച് അച്ഛൻ മരിച്ച വേദന ഉള്ളി​ലൊതുക്കി​ മകൾ അംബിക എസ്. എസ്. എൽ.സി​ പരീക്ഷയെഴുതി​. മകൾക്കും കൊവി​ഡ് ബാധി​ച്ചി​രുന്നു.

ചെട്ടികുളങ്ങര കൈതവടക്ക് ചെമ്പോലിൽ രാമനിലയം ആർ.ജയചന്ദ്രൻ (45) ആണ് കൊവി​ഡ് ബാധി​ച്ച് മരി​ച്ചത്. ജയചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മകൾ അംബിക ചന്ദ്രനും കൊവിഡ് സ്ഥിരീകരിച്ചു.

വീട്ടിൽ ക്വാറന്റൈനിൽ ഇരുന്ന അംബിക പി.പി.ഇ കിറ്റ് ധരിച്ചെത്തി ചെട്ടികുളങ്ങര എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി സാമൂഹികശാസ്ത്രം പരീക്ഷ എഴുതി. ചെട്ടികുളങ്ങര പഞ്ചായത്തംഗം എസ്.ശ്രീജിത്, ചെട്ടികുളങ്ങര എച്ച്.എസ്.എസ് പ്രഥമാദ്ധ്യാപിക എസ്.രാജശ്രീ, ക്ലാസ് ടീച്ചർ പി.ജെ.ലക്ഷ്മി, പി.ടി.എ പ്രസിഡന്റ് ഗോപൻ ഗോകുലം, സ്കൂൾ ജീവനക്കാരനും ബന്ധുവുമായ ദേവീദാസൻ എന്നിവർ ധൈര്യം നൽകി​യാണ് അംബി​കയെ പരീക്ഷയ്ക്ക് എത്തിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജയചന്ദ്രന്റെ സംസ്കാരം നടത്തി. ജയചന്ദ്രനെ ആശുപത്രിയിൽ പരിചരിക്കാനെത്തിയ ഭാര്യ മായയ്ക്കും കൊവിഡ് സ്ഥിരീകരിച്ചി​രുന്നു. മറ്റൊരു മകൾ: ആർച്ച ചന്ദ്രൻ.