s

ആലപ്പുഴ : കൊവിഡ് നിയന്ത്രണങ്ങൾ കടുത്തതോടെ ജലഗതാഗത വകുപ്പിന്റെ വരുമാനത്തിൽ വൻ ഇടിവ്. ടൂറിസം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന 'വേഗ ' സർവീസ് പൂർണമായും നിറുത്തിയതാണ് വരുമാനം ഒറ്റയടിക്ക് ഇടിയാൻ കാരണമായത്. ഭൂരിഭാഗം സർവീസുകളിലും വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമേയുള്ളൂ.

പല ബോട്ട് ജെട്ടികളും കണ്ടെയിൻമെന്റ് സോൺ പരിധിയിലായതിനാൽ അവിടങ്ങളിൽ ബോട്ട് അടുപ്പിക്കാൻ സാധിക്കുന്നില്ല. ഈ വർഷത്തിന്റെ തുടക്കത്തിൽ മികച്ച വരുമാനമാണ് ജലഗതാഗത വകുപ്പിന് ജില്ലയിൽ ലഭിച്ചത്. പ്രതിദിന വരുമാനം ഒരു ലക്ഷം രൂപയോളമായിരുന്നു.

മിക്ക ദിവസങ്ങളിലും 56,000 രൂപയാണ് 'വേഗ ' സർവീസ് വഴിമാത്രം ലഭിച്ചിരുന്നത്. ആലപ്പുഴ സ്റ്റേഷനിൽ നിന്ന് രാവിലെ 11.30 ന് സർവ്വീസ് ആരംഭിച്ച് , പുന്നമട - വേമ്പനാട് കായൽ ‍- മുഹമ്മ - പാതിരാമണൽ- കുമരകം - ആർ ബ്ലോക്ക് - മാർത്താണ്ഡം - ചിത്തിര - സി ബ്ലോക്ക് - കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിൽ എത്തിച്ചേരുന്നതാണ് വേഗ സർവീസ്. എ.സി യാത്രയ്ക്ക് ഒരാൾക്ക് 600 രൂപയും നോൺ എ.സിക്ക് 400 രൂപയുമാണ് ഈടാക്കിയിരുന്നത്. യാത്രക്കാരില്ലാതായതോടെ പരമാവധി 25000 രൂപയാണ് ഇപ്പോഴത്തെ ശരാശരി പ്രതിദിന വരുമാനം. സർവീസുകൾ മുടക്കാതെ കണക്ടിവിറ്റി സംവിധാനം നടപ്പാക്കുന്നുണ്ട്. യാത്രക്കാരെ ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കണക്ട് ചെയ്ത് വിടുമ്പോൾ ഡീസൽ ലാഭിക്കാൻ കഴിയും.

പ്രതിദിന വരുമാനം

നിയന്ത്രണത്തിന് മുമ്പ് : ഒരു ലക്ഷം

ഇപ്പോൾ : ₹20,000 - 25,000

ആലപ്പുഴയിൽ നിന്നുള്ള

സർവീസുകളുടെ എണ്ണം

നെടുമുടി - 4

പുളിങ്കുന്ന് - 3

കാവാലം - 3

ചങ്ങനാശേരി - 2

കോട്ടയം - 2

സാധാരണ നിലയിലേക്ക് സർവീസ് എത്തിത്തുടങ്ങിയപ്പോഴാണ് നിയന്ത്രണങ്ങൾ കർക്കശമാക്കിയത്. വേഗയുടെ ഓട്ടം നിർത്തിയപ്പോൾ തന്നെ വരുമാനം പകുതിയായി കുറഞ്ഞു

- ജലഗതാഗത വകുപ്പ് അധികൃതർ