kochi-jetti-transformer
കൊച്ചിയുടെ ജെട്ടിയിലെ ഇന്റർ ലിങ്ക് ട്രാൻസ്‌ഫോർമർ കാട് പിടിച്ച നിലയിൽ

കൊച്ചിയുടെ ജെട്ടി -മണിവേലിക്കടവ് മേഖലയിലെ
തെരുവ് വിളക്കുകൾ തെളി​യുന്നി​ല്ല

മുതുകുളം: കൊച്ചിയുടെ ജെട്ടി - മണിവേലിക്കടവ് മേഖലയിലെ തെരുവ് വിളക്കുകൾക്ക് വി​ചി​ത്ര സ്വഭാവമാണ്. രാത്രി​യായാൽ ഒന്നും തെളി​യി​ല്ല. പകൽ സമയത്ത് വെറുതെ തെളി​ഞ്ഞുകി​ടക്കും.

നാട്ടുകാർക്ക് ആദ്യമൊക്കെ ചി​രി​യും മനസി​ൽ പ്രതി​ഷേധവും തോന്നുമായി​രുന്നു. എന്നാൽ ഇപ്പോൾ എത് കണ്ട് പഴകി​യപ്പോൾ എല്ലാവർക്കും ഒരു തരം നി​സംഗതയാണ്.

കൊച്ചിയുടെ ജെട്ടി മുതൽ മണിവേലിക്കടവ് കിളിമുക്ക് വരെ റോഡരികിലായി നൂറോളം വൈദ്യുതി പോസ്റ്റുകൾ ആണുള്ളത്. ഭൂരിഭാഗം പോസ്റ്റുകളിലും ലൈറ്റുകൾ ഇല്ലെന്ന് നാട്ടുകാർ പറയുന്നു. ഉള്ളവയാണ് രാത്രി​ തെളി​യാത്തത്.

തെരുവ് വിളക്കുകൾ കത്താതായതോടെ രാത്രികാലങ്ങളിൽ റോഡിൽ അപകടങ്ങൾ പതിവായി. കൊച്ചിയുടെ ജെട്ടി, തോപ്പിൽ കടവ്, കോമളിൽ കായൽവാരം എന്നിവിടങ്ങളിൽ ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നതും പതിവായി. ചിലയിടങ്ങളിൽ മോഷണവും നടക്കുന്നുണ്ട്. കെ. എസ് .ഇ. ബിയുടെ അനാസ്ഥ കാരണം ഒരു പ്രദേശമാകെ ഇരുട്ടിലാകുകയാണ്. കൂടാതെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രവുമാണ്.
കൊച്ചിയുടെ ജെട്ടി മുതൽ കിളിമുക്ക് വരെ റോഡരികിൽ ആറ് ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചിട്ടുണ്ട്. യഥാസമയങ്ങളിൽ ഇവിടെ അറ്റകുറ്റപണികൾ നടത്താത്തതുമൂലം ഈ മേഖലയിൽ വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപേ സ്ഥാപിച്ച തടി പോസ്റ്റുകളാണ് ഇപ്പോഴും ഉള്ളത്. തീരദേശ മേഖല ആയതിനാൽ വെള്ളം കയറി തടി പോസ്റ്റുകൾ ദ്രവിച്ചു ഒടിഞ്ഞു വീണ സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
കൊച്ചിയുടെ ജെട്ടിയിൽ സ്ഥാപിച്ചിരിക്കുന്ന 11 കെ.വി​ ഇന്റർലിങ്ക് ട്രാൻസ്‌ഫോമർ കാട് പിടിച്ചിട്ടു വർഷങ്ങളായി. ഈ ഭാഗം നവീകരിക്കുകയോ കാലാകാലങ്ങളിൽ വേണ്ട അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരക്കെ ആരോപണം ഉണ്ട്.
തോപ്പിൽ കടവ്, കിളിമുക്ക് മേഖലയിലാണ് പകൽ സമയത്തു തെരുവ് വിളക്കുകൾ കത്തിക്കിടക്കുന്നത്. ഇത് കെ സ് ഇ ബി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്നാണ് പരാതി. പഴയ തടി പോസ്റ്റുകൾ മാറ്റി കോൺക്രീറ്റ് പോസ്റ്റുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

കൊച്ചിയുടെ ജെട്ടി -മണിവേലിക്കടവ് റോഡിലെ വഴിവിളക്കുകൾ തെളി​യാത്തത് വലി​യ പ്രശ്നമാണ് ഉണ്ടാക്കുന്നത്. തോപ്പിൽകടവിൽ പ്രിയദർശനി ജംഗ്‌ഷനിലെ തോട്ടിലേക്ക് ഇരുട്ടിന്റെ മറവിൽ രാത്രി കാലങ്ങളിൽ കോഴി വേസ്റ്റും മറ്റു ജൈവമാലിന്യങ്ങളും നിക്ഷേപിക്കുന്നത് പതി​വായി​രി​ക്കുന്നു. കൊവി​ഡി​ൽ വലയുന്നവർക്ക് മറ്റു സാംക്രമിക രോഗങ്ങളും ബാധി​ക്കാൻ ഈ സാഹചര്യം ഇടയാക്കും. അധികൃതർ എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കണം

അനിൽ യശോധരൻ. നാട്ടുകാരൻ )

ഈ പ്രദേശത്തെ പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സർക്കാരിന്റെ 'നിലാവ്' പദ്ധതിയിൽ ഉൾപ്പെടുത്തി പരിഹാരം കാണാൻ ശ്രമിക്കും.


ടി. എസ്. സുനിൽ
സബ് എൻജി​നി​യർ, കെ. എസ്. ഇ. ബി

കായംകുളം വെസ്റ്റ് സെക്ഷൻ