വള്ളികുന്നം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വള്ളികുന്നം കൊണ്ടോടി മുകൾ എസ്.എൽ സദനത്തിൽ സുകുമാരന്റെ മകൻ സുജിത്ത് (23) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 7.30 ഓടെ തഴവ സെന്റ് ഗ്രിഗോറിയോസ് സ്കൂളിന് സമീപമായിരുന്നു അപകടം. കരുനാഗപ്പള്ളി പുതിയകാവിലെ ഷോറൂമിലെ സെയിൽസ്മാനായ സുജിത്ത് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുജിത്തിനെ ആദ്യം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കൊളേജ് ആശുപത്രിയിയും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : ശ്രീലത. സഹോദരൻ :സുമിത്ത്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.