s

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.24 ശതമാനം

ആലപ്പുഴ: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ രണ്ടായിരം പിന്നിട്ടതോടെ രോഗബാധിതരുടെ ആകെ എണ്ണം ഒരുലക്ഷം കടന്നു. 2235 പേർക്കാണ് ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായിട്ടാണ് പ്രതിദിന എണ്ണം 2000 കടന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോദിവസവും കുത്തനെ ഉയർന്നപ്പോൾ രോഗമുക്തരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് ആശങ്കയാവുന്നു. 28.24 ശതമാനമാണ് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2226 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഏഴു ദിവസത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പരിശോധിച്ചാൽ ജില്ലയിലെ നാല് പഞ്ചായത്തുകളിൽ 200നു മുകളിലും 32 പഞ്ചായത്തുകളിൽ നൂറിനു മുകളിലുമാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 21 മുതൽ 27 വരെയുള്ള കണക്ക് പ്രകാരം ചെട്ടികുളങ്ങര (267), ചുനക്കര (227), നൂറനാട് (200), പാണാവള്ളി (226) എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചവർ കൂടുതലുള്ളത്. നഗരസഭകളിലും സ്ഥിതി വ്യത്യസ്തമല്ല.

നഗരസഭകളിലും ഭീതി

ആലപ്പുഴ നഗരസഭയിലാണ് ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്; 1394. ചെങ്ങന്നൂർ- 215, ചേർത്തല- 274, കായംകുളം- 277 എന്നിങ്ങനെയാണ് കഴിഞ്ഞ ഏഴു ദിവസങ്ങളിൽ പോസിറ്റീവ് ആയവരുടെ കണക്ക്. ജില്ലയിൽ ഏറ്റവുമധികം കണ്ടെയിൻമെന്റ് സോണുള്ളത് പാണ്ടനാട് പഞ്ചായത്തിലാണ്. പത്ത് പ്രദേശങ്ങളാണ് നിലവിൽ കണ്ടെയിൻമെന്റ് സോണിലുള്ളത്. അഞ്ചിന് മുകളിൽ സോണുകളുള്ള ആറ് പഞ്ചായത്തുകൾ ഉൾപ്പെടെ 35 പഞ്ചായത്തുകളിൽ നിലവിൽ കണ്ടെയിൻമെന്റ് സോണുകളുണ്ട്. ആലപ്പുഴ നഗരസഭയിൽ അഞ്ചു പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിലാണ്.

കേസ് 27, അറസ്റ്റ് 14

ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 27 കേസുകളിൽ 14 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1099 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1048 പേർക്കും എതിരെ നടപടി സ്വീകരിച്ചു. അഡീഷണൽ എസ്.പി ഡോ. എ.നസിമിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. ജനത്തിരക്ക് കൂടുതലുള്ള വാക്‌സിൻ കേന്ദ്രങ്ങൾ, മാളുകൾ, സൂപ്പർ മാർക്കറ്റ്, ചന്ത, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നീ സ്ഥലങ്ങളിൽ സംഘം മിന്നൽ പരിശോധന നടത്തും.

.........................................................

 ഇന്നലെ വരെ രോഗം സ്ഥിരീകരിച്ചവർ: 1,03,336

 രോഗമുക്തർ: 87,574

 ചികിത്സയിലുള്ളവർ: 14,352

 ആകെ മരണസംഖ്യ: 436

 പരിശോധനാഫലം നെഗറ്റീവ്: 697

.........................................................