ആലപ്പുഴ: വഴിച്ചേരിയിൽ കൊവിഡ് പരിശോധന നടത്തുമ്പോൾ അപകടമുണ്ടാകും വിധം ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. വണ്ടാനം കാട്ടിപറമ്പ് വെളിയിൽ ഷംനാസിനെയാണ് (30) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരസഭാദ്ധ്യക്ഷ സൗമ്യരാജിന്റെ പരാതിയിലാണ് നടപടി.

ഇന്നലെ ഉച്ചയ്ക്ക് 12ന് വഴിച്ചേരിയിൽ സ്വകാര്യബസ് സ്റ്റാൻഡിനോട് ചേർന്ന് നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് പരിശോധന നടക്കുന്നതിനിടെയാണ് സ്വകാര്യബസ് അതിവേഗത്തിൽ എത്തിയത്. സ്ഥലത്തുണ്ടായിരുന്ന നഗരസഭാദ്ധ്യക്ഷ ഇത് ചോദ്യംചെയ്തപ്പോൾ ധിക്കാരത്തോടെ പെരുമാറിയതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയും ചെയ്തു.