ആലപ്പുഴ: നിയന്ത്രണം വിട്ട സ്കൂട്ടറുമായി കനാലിലേക്കു വീണ യുവാവിനെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു. മുല്ലയ്ക്കൽ സ്വദേശിയായ മുഹമ്മദ് ഷാ (20) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു അപകടം.
കല്ലുപാലം ഭാഗത്ത് നിന്നു കനാൽക്കരയിലൂടെ കിഴക്കോട്ട് വരുന്നതിനിടെ ചുങ്കം പാലത്തിനടുത്തെത്തിയപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് കനാലിലേക്കു തെറിക്കുകയായിരുന്നു. ഒരു കിലോമീറ്ററോളം മാത്രം അകലെയുള്ള ഓഫീസിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം യുവാവിനെ രക്ഷിച്ചു. പരിക്കേറ്റ മുഹമ്മദ് ഷായെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സീനിയർ ഫയർ ഓഫീസർ എസ്.കെ.സലിംകുമാറിന്റെ നേതൃത്വം നൽകി. ചെളിയിൽ പുതഞ്ഞുപോയ സ്‌കൂട്ടർ കയർ ഉപയോഗിച്ച് കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു.