എടത്വാ: കാത്തിരിപ്പിന് വിരാമമിട്ട് തലവടി പഞ്ചായത്തിൽ നെല്ല് സംഭരണം ആരംഭിച്ചു. തലവടി കൃഷിഭവൻ പരിധിയിലെ എട്ടിയാരിമുട്ട് കോതാകരി, ചൂട്ടുമാലിൽ, കരുവേലി പാടത്തെ അയ്യായിരം കിന്റൽ നെല്ലാണ് സംഭരിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരണം നടക്കാത്തതിനെ തുടർന്ന് പ്രദേശത്ത് പ്രതിഷേധ സമരങ്ങൾ ശക്തമായിരുന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ തടഞ്ഞുവെച്ചശേഷമാണ് നെല്ല് സംഭരണത്തിന് തീരുമാനമായത്.പാലക്കാട്ടുള്ള ഇർഫാൻ മില്ലുടമകളാണ് അഞ്ച് കിലോ കിഴിവ് നൽകി നെല്ല് സംഭരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് ജോജി എബ്രഹാം, സൊസൈറ്റി ബോർഡ് മെമ്പർമാരായ എബ്രഹാം കരിമ്പിൽ, സിന്ധു മഹേശൻ, പാടശേഖര സമിതി ഭാരവാഹികളായ ബീന ഉത്തമൻ,അനിയൻ, രമേശ് വി.ദേവ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ.സജീവ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സംഭരണം ആരംഭിച്ചത്.