ഹരിപ്പാട്: കൊവിഡ് മഹാമാരിയുടെ കാലത്തും തൊഴിലാളി - ജനവിരുദ്ധ നയങ്ങൾ കൈകൊള്ളുന്ന കേന്ദ്ര സർക്കാരിന്റെ നിലാപാടുകളിൽ പ്രതിഷേധിച്ച് 30ന് അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ നേതൃത്യത്തിൽ ദേശീയ പ്രതിഷേധ ദിനം ആചരിക്കും. ജില്ലയിൽ കെ.എസ് കെ.ടി.യു നേതൃത്വത്തിൽ ആയിരം കേന്ദ്രങ്ങളിൽ 30ന് വൈകിട്ട് 4ന് പ്രതിഷേധ ധർണ നടത്തും. കൊവിഡ് മാനദണ്ഡം പാലിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ കൊവിഡ് വാക്സിൻ എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്സിൻ നൽകുക. നികുതി അടയ്ക്കാത്ത എല്ലാ കുടുംബങ്ങൾക്കും 7500 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ നൽകുക, പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യം സൗജന്യമായി നൽകുക. തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനവും 600 രുപ വേതനവും നൽകുക. ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമായി നടത്തുക, അതിഥി തൊഴിലാളികൾക്ക് അവരുടെ നാട്ടിലേക്ക് സൗജന്യ യാത്ര നൽകുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.