വാക്സിനു വേണ്ടി കുടുക്കയിലെ പണം കൈമാറി പത്താം ക്ളാസുകാരൻ
ചേർത്തല: പിറന്നാൾ ദിനത്തിൽ സൈക്കിൾ വാങ്ങാനായി കുടുക്കയിൽ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്റിയുടെ വാക്‌സിൻ ചലഞ്ചിന് കൈമാറി ചേർത്തല തെക്ക് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആദർശ് മാതൃകയായി.
ചേർത്തല നഗരസഭ 23-ാം വാർഡ് സാഫല്യം വീട്ടിൽ ഗിരീഷ് കുമാറിന്റെയും പ്രിയയുടെയും മകനാണ് ആദർശ്. തന്റെ പിറന്നാളിന് സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ആഗ്രഹം ആർദർശ് തന്നെയാണ് മാതാപിതാക്കളോടു പറഞ്ഞത്. അച്ഛനും അമ്മയും നാലാം ക്ലാസുകാരിയായ ഇളയമകൾ ഹസീനയും പൂർണ പിന്തുണ നൽകി. കുടുക്ക ചേർത്തലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ പി.പ്രസാദ് ഏറ്റുവാങ്ങി.
കേരളത്തിലെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വാക്‌സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്താൻ ആരംഭിച്ച കാമ്പയിന് പൊതുജനങ്ങളിൽ നിന്നു വലിയ പിന്തുണയാണ് കിട്ടുന്നതെന്നും സാമൂഹിക പ്രതിബദ്ധതയോടെ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പി. പ്രസാദ് പറഞ്ഞു. എ.ഐ.വൈ.എഫ് വെട്ടയ്ക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 37,780 രൂപ വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി കൈമാറിയിരുന്നു.
യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ടി.ടി. ജിസ്‌മോൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാർത്ഥൻ, സി.പി.എം കരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ആർ.സുരേഷ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എം.എൽ. ഉണ്ണി, ആദർശിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.