അരൂർ:പൊലീസിൽ പരാതി നൽകിയ സ്ത്രീയെയും കുടുംബത്തെയും അയൽവാസി വീടുകയറി ആക്രമിച്ചതായി പരാതി. എഴുപുന്ന മണിയങ്ങനാട്ട് എൽസി ആൻറണി (56), ഭർത്താവ് ആന്റണി (61) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പ് വഴിത്തർക്കം സംബന്ധിച്ചുള്ള തർക്കത്തിന്റെ പേരിൽ എൽസിയും കുടുംബവും അരൂർ പൊലീസിൽ പരാതി നൽകിയിരുന്നു.പരാതി നൽകിയതിൽ പ്രകോപിതരായ അയൽവാസി കത്തിയുമായി എൽസിയുടെ വീട്ടിൽ വരുകയും ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയും കത്തി ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. എൽസിയുടെ ഭർത്താവും സമീപവാസികളും ചേർന്ന് പ്രതിയെ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു. അരൂർ പൊലീസ് കേസെടുത്തു.