ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശേറി റോഡ് പുനർനിർമാണം സംബന്ധിച്ച് ഉയർന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ അഞ്ചിന ആവശ്യങ്ങളുമായി കുട്ടനാട് സംയുക്ത സമിതി രംഗത്തെത്തി. നല്ല ഉദ്ദേശത്തോടെ 670 കോടിയുടെ പദ്ധതി കൊണ്ടുവന്ന മന്ത്രിമാരുടെ ശ്രമത്തെ അഭിനന്ദിക്കുന്നതായും നിലവിൽ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളിൽ മണ്ടത്തരമുണ്ടെന്നും സംയുക്ത സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രളയക്കെടുതികളുടെ നിയന്ത്രണത്തിന് യാതൊരു മുൻകരുതലും സ്വീകരിച്ചിട്ടില്ല. കുട്ടനാട് നേരിൽ കണ്ടിട്ടില്ലാത്ത റഷ്യൻ കമ്പനിയാണ് രൂപകല്പന തയ്യാറാക്കിയത്. വീണ്ടും പ്രളയം വന്നാൽ, ഒറ്റപ്പെട്ട് നിൽക്കുന്ന സെമി എലിവേറ്റ‌ഡ് ഹൈവേകൾ ജനങ്ങൾക്ക് ഉപകാരപ്പെടില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 24 കിലോമീറ്റർ റോഡിന്റെ പുനർനിർമ്മാണത്തിന് വേണ്ടി 670 കോടി ചിലവാക്കുന്നതിന് പകരം ഇന്ത്യയിലെ ഏറ്റവും വലിയ എലിവേറ്റ‌ഡ് ഹൈവേ ആലപ്പുഴ - ചങ്ങനാശേരി പാതയിൽ കൊണ്ടുവരുന്നതടക്കം പദ്ധതിയിൽ പുനർചിന്തനം ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.

അഞ്ചിന ആവശ്യങ്ങൾ

1. നെതർലൻഡ് മാതൃകയിൽ കേന്ദ്രീകൃതവും ഫലപ്രദവുമായ പ്രളയ നിയന്ത്രണ സംവിധാനം സൃഷ്ടിക്കുക. കടലിലേക്ക് പ്രളയജലം പമ്പിംഗ് നടത്താനും ക്രമീകരണമുണ്ടാവണം

2. കുട്ടനാട്ടിലെ റോഡുകൾ, പുറംബണ്ടുകൾ, വീടുകളുടെയും സ്ഥാപനങ്ങളുടെയും തറനിരപ്പ് , ജലാശയങ്ങളുടെ ആഴം, വീതി എന്നിവ മനസിലാക്കി പുനർനിർമ്മാണങ്ങൾ നിയന്ത്രിക്കുന്നതിന് മാസ്റ്റർ പ്ലാൻ വേണം

3. എ.സി റോഡ് ദേശീയപാതയാക്കണം. നിർമാണ ചെലവിന്റെ നല്ല പങ്ക് കേന്ദ്രസർക്കാർ ഏറ്റെടുക്കണം

4. എ.സി റോഡിലെ ഗതാഗത സർവേ പരിഗണിച്ച് നാലുവരി പാത ആവശ്യമാണ്

5. 670 കോടിയുടെ പദ്ധതി പുനർരൂപകല്പന നടത്തി എലിവേറ്റഡ് പാതയുടെ ഒന്നാം ഘട്ടമായി മാറ്റണം

സ്ഥലം ഏറ്റെടുത്ത് നാലു വരിയാക്കുന്നത് പ്രായോഗികമല്ല. അതിനാൽ നിലവിലെ റോഡ് മെച്ചപ്പെടുത്തുന്നതിനൊപ്പം തെക്കുവശത്തുകൂടി തൂണുകൾ സ്ഥാപിച്ച് രണ്ടുവരി എലിവേറ്റഡ് പാത നിർമിക്കണം. നിലവിലെ പദ്ധതി പ്രകാരം 670 കോടി മുടക്കിയാൽ വെള്ളത്തിൽ വരച്ച വരപോലെയാകും. പദ്ധിതിയിൽ പുനർചിന്തനം നടത്തണമെന്ന നിവേദനം പുതിയ മുഖ്യമന്ത്രിക്ക് സമർപ്പിക്കും

- സംയുക്ത സമിതി