ആലപ്പുഴ: വള്ളികുന്നത്ത് പത്താംക്ളാസുകാരൻ അഭിമന്യു കുത്തേറ്റു മരിച്ച കേസിൽ റിമാൻഡിലുള്ള രണ്ടു പ്രതികളെ പൊലീസ് കസ്റ്റഡിൽ വിട്ടു. മുഖ്യപ്രതി വള്ളികുന്നം പുത്തൻപുരയ്ക്കൽ സജയ് ജിത്ത് (21), വള്ളികുന്നം ജ്യോതിഷ് ഭവനത്തിൽ ജിഷ്ണുതമ്പി (24) എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കായംകുളം കോടതി വള്ളികുന്നം പൊലീസിന്റെ കസ്റ്റഡിയിൽ നൽകിയത്.
തെളിവെടുപ്പ് പൂർത്തീകരിച്ച് ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. വള്ളികുന്നം പടയണിവട്ടം ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ കഴിഞ്ഞ 14ന് രാത്രി 9.30നാണ് വള്ളികുന്നം പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി ഭവനത്തിൽ അമ്പിളി കുമാറിന്റെ മകൻ അഭിമന്യുവിനെ അക്രമിസംഘം കുത്തിക്കൊന്നത്. കേസിൽ ആറുപ്രതികളാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നു.