ambala

 വണ്ടാനം കാവിൽ മാലിന്യ നിക്ഷേപം

അമ്പലപ്പുഴ: ദേവസ്വം ബോർഡിന്റെ അധീനതയിൽ ദേശീയപാതയോരത്ത് വണ്ടാനം ശാസ്താ ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള വണ്ടാനം കാവ് സംരക്ഷണമില്ലാതെ നാശത്തിലേക്ക്.

ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ കാവിന് ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുകയാണ്. ഇറച്ചി, പച്ചക്കറി മാലിന്യങ്ങളും മത്സ്യ മാർക്കറ്റുകളിലെ മാലിന്യങ്ങളും പ്ലാസ്റ്റിക് സഞ്ചികളിലാക്കി ദേശീയ പാതയോരം മുതൽ കാവിനകം വരെ നിക്ഷേപിക്കുകയാണ്. കൂടാതെ മദ്യക്കുപ്പികളും മിനറൽ വാട്ടർ കുപ്പികളും വലിച്ചെറിയുന്നതും കാവിലേക്കാണ്. 80ൽ പരം അപൂർവ്വയിനം സസ്യ ശേഖരമുണ്ട് ഈ കാവിൽ. കണ്ടൽക്കാടുകളിൽ മാത്രം കാണുന്ന അപൂർവ്വയിനം വല്ലഭ വൃക്ഷങ്ങളും വംശനാശ ഭീഷണി നേരിടുന്ന 12ൽ പരം സസ്യങ്ങളുമുള്ള കാവ് ഓർമ്മയാകുമോ എന്ന വിഷമത്തിലാണ് പരിസ്ഥിതി സ്നേഹികളും, നാട്ടുകാരും.

പച്ചമരുന്നു ചെടികളുടെ അക്ഷയഖനിയായ കാവിന് സംരക്ഷണമില്ലാത്തതാണ് മാലിന്യ നിക്ഷേപത്തിനും സാമൂഹ്യ വിരുദ്ധരുടെ താവളമാകാനും കാരണം എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഒരു കാലത്ത് വാനരന്മാരുടെ ഇഷ്ടകേന്ദ്രമായിരുന്ന ഇവിടെ നിരവധി ചലച്ചിത്രങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ചെമ്പകശേരി രാജാവിന്റെ കാലം മുതലുള്ള കാവ് സംരക്ഷിക്കണമെന്നാണ് പരിസ്ഥിതി സ്നേഹികളുടേയും നാട്ടുകാരുടേയും ആവശ്യം.

..................................

വണ്ടാനം കാവിലെ മാലിന്യ നിക്ഷേപം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഒപ്പം സാമൂഹ്യ വിരുദ്ധരും ഇവിടം താവളമാക്കുന്നുണ്ട്. അപൂർവ്വയിനം സസ്യ ശേഖരങ്ങളുള്ള കാവ് നിരീക്ഷണ കാമറകൾ സ്ഥാപിച്ച് സംരക്ഷിക്കണം

ബി.ഷാജി, സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം 245-ാം നമ്പർ വണ്ടാനം ശാഖ