നഗരത്തിൽ കർശന കൊവിഡ് നിയന്ത്രണം
ആൾക്കൂട്ടം പാടില്ല, കടകൾ വൈകിട്ട് ആറുവരെ
ആലപ്പുഴ: കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ നഗരസഭാ പരിധിയിൽ കളക്ടർ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അഞ്ചിൽ കൂടുതൽ പേർ പൊതുസ്ഥലത്ത് ഒരുമിച്ച് നിൽക്കരുത്. കടകൾ വൈകിട്ട് ആറിന് അടയ്ക്കണം. കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളിൽ നിന്നുള്ളവർ മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലോ മാർക്കറ്റുമായി ബന്ധപ്പെട്ട മറ്റ് തൊഴിലുകളിലോ ഏർപ്പെടരുത്. മാർക്കറ്റിലെ നടപ്പാത കയ്യേറിയുള്ള കച്ചവടം പൂർണ്ണമായും നിരോധിച്ചു.
നഗരസഭാ പരിധിയിലെ മാർക്കറ്റുകളിൽ എത്തുന്ന, ഇതര സംസ്ഥാനത്ത് നിന്നുൾപ്പടെയുള്ള ചരക്കു വാഹനങ്ങളിൽ നിന്ന് ദിവസവും രാത്രി 12 മുതൽ രാവിലെ ഏഴ് വരെ ചരക്കിറക്കണം. ഈ വാഹനങ്ങളിലെ ഡ്രൈവർമാരും ക്ളീനർമാരും നഗരസഭ കംഫർട്ട് സ്റ്റേഷൻ ഉപയോഗിക്കണം. അന്യ സംസ്ഥാന വാഹനങ്ങളിലെ ജീവനക്കാർ അനാവശ്യമായി വാഹനങ്ങളിൽ നിന്നു പുറത്തിറങ്ങരുത്. മാർക്കറ്റുകളിൽ ചില്ലറ വ്യാപാര സാധനങ്ങൾക്കായി എത്തുന്നവർക്ക് ചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റാൻ ദിവസവും രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമാണ് അനുമതി. ഉച്ചക്ക് 12.30 മുതൽ വൈകിട്ട് ആറ് വരെ പൊതുജനങ്ങൾക്ക് മാർക്കറ്റുകളിലെത്താം. ഇവരുടെ വാഹനം പ്രവേശിപ്പിക്കില്ല. ഞായറാഴ്ച മാർക്കറ്റുകൾ പൂർണമായും അടച്ചിട്ട് അണു നശീകരണം നടത്തണം.
...............................
# മറ്റ് നിയന്ത്രണങ്ങൾ
ഹോട്ടലുകളിൽ വൈകിട്ട് ആറിന് ശേഷം ഇരുത്തി ഭക്ഷണം നൽകരുത്
രാത്രി ഒമ്പതിന് ശേഷം പാഴ്സലും പാടില്ല
ഹോട്ടലുകളിൽ ഇരിപ്പിടങ്ങളുടെ 50 ശതമാനത്തിൽ മാത്രം ഇരുത്തി ഭക്ഷണം
വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം വൈകിട്ട് ആറു വരെ
ബീച്ചിൽ വൈകിട്ട് ആറിന് ശേഷം പ്രവേശനമില്ല
ടാക്സി ഡ്രൈവർമാർ സ്റ്റാൻഡുകളിൽ കൂടി നിൽക്കരുത്
........................
# രജിസ്റ്റർ ചെയ്യണം
എല്ലാ വ്യാപാര സ്ഥാപനങ്ങളും അവിടെയുള്ള ജീവനക്കാർ, അവിടേക്ക് എത്തുന്നവർ, ലോഡുമായി എത്തുന്ന വാഹനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ പേര്, ഫോൺ നമ്പർ, ലോഡിറക്കിയ തൊഴിലാളികളുടെ പേര് വിവരങ്ങൾ എന്നിവ രേഖപ്പെടുത്തി www.covid19jagratha.kerala. nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. എല്ലാ സ്ഥാപന ഉടമകളും ഈ വിവരങ്ങൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന ക്യു.ആർ കോഡ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. ഫോൺ: 0477 2238641, 0477 2238645, 0477 2238647