ആലപ്പുഴ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആലപ്പുഴ നഗരത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ മാസ് ക്ലീനിംഗ് കാമ്പെയിൻ നടത്തി. വഴിച്ചേരി, പുലയൻ വഴി മാർക്കറ്റുകൾ ,കെ .എസ് .ആർ.ടി.സി - സ്വകാര്യ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, ജനറൽ ആശുപത്രി പരിസരം അടക്കം വിവിധ ഇടങ്ങൾ ശുചിയാക്കി. പൊതു ഇടങ്ങളിൽ അണുനാശിനി തളിച്ചു. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡുകളിലും അണു നശീകരണം നടന്നു. നഗരസഭ ആരോഗ്യ വിഭാഗവും ആലപ്പുഴ സൗത്ത് പൊലീസും മാസ് കാമ്പെയിനിൽ പങ്കെടുത്തു.നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, കെ.ബാബു, എ.ഷാനവാസ്, കൗൺസിലർമാരായ എം.ആർ.പ്രേം ,കെ.എസ് ജയൻ, നഗരസഭ ഹെൽത്ത് ഓഫീസർ കെ.പി. വർഗീസ് എന്നിവർ പങ്കെടുത്തു.