photo

ചേർത്തല : കണ്ടമംഗലം ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന സ്​റ്റേഷനറി കട സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു. കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡിൽ പൊള്ളയിൽ പി.ഡി. ഗഗാറിന്റെ ഉടമസ്ഥതയിലുള്ള സ്​റ്റേഷനറി കടയാണ് ബുധനാഴ്ച രാത്രി 9.45 ഓടെ തകർത്തത്. സി.പി.ഐ മണ്ഡലം കമ്മ​റ്റി അംഗവും, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തംഗവും, കണ്ടമംഗലം ക്ഷേത്രം പ്രസിഡന്റുമായ ഗഗാറിൻ സൗജന്യ വാക്‌സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ എൽ.ഡി.എഫ് ആഹ്വാനം അനുസരിച്ച് സത്യാഗ്രഹസമരം നടത്തുകയും ആ ചിത്രം സോഷ്യൽ മീഡിയായിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാത്രിയിൽ ബൈക്കിലെത്തിയ രണ്ട് പേർ കട അടിച്ചു തകർത്തത്. 30,000 രൂപയോളം നഷ്ടം വന്നതായി ഗഗാറിൻ പറഞ്ഞു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സി.സി ടിവി കാമറകൾ പരിശോധിച്ച് അക്രമികളെ കണ്ടെത്തുമെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു.

കേന്ദ്ര സർക്കാർ കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകാത്തതിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിൽ വിറളി പൂണ്ട സംഘപരിവാർ ശക്തികളാണ് അക്രമത്തിന് പിന്നിലെന്നും അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും സി.പി.ഐ ചേർത്തല മണ്ഡലം കമ്മ​റ്റി സെക്രട്ടറി എം.സി. സിദ്ധാർത്ഥൻ പറഞ്ഞു.