s

ആലപ്പുഴ: ആശുപത്രികളിലും ഹോം ഐസൊലേഷനിലും പ്രവേശിപ്പിക്കപ്പെടുന്ന പുതിയ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെന്നും ജാഗ്രത കാട്ടണമെന്നും ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു.

രോഗത്തിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. മറ്റ് രോഗമുള്ളവർക്ക് കൊവിഡ് ഗുരുതരമാകാനിടയുണ്ട്. രോഗലക്ഷണങ്ങളുണ്ടായാൽ എത്രയും പെട്ടെന്ന് ശരിയായ ചികിത്സ തേടി നിർദ്ദേശങ്ങൾ അനുസരിച്ചാൽ രക്ഷപ്പെടാം. പ്രകടമായ രോഗലക്ഷണങ്ങളും മറ്റ് അസുഖങ്ങളുമില്ലാത്ത കൊവിഡ് രോഗികൾക്ക് ഹോം ഐസൊലേഷനിൽ കഴിയാം. ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ വാർ റൂം സജ്ജമാക്കി. ആലപ്പുഴ സബ് കളക്ടർ എസ്. ഇലക്യ നോഡൽ ഓഫീസറാണ്. ആശുപത്രികൾ, സി.എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ നിലവിൽ ആവശ്യമുള്ളതും അടിയന്തര സാഹചര്യത്തിൽ കരുതലായി സ്റ്റോക്ക് ചെയ്യേണ്ടതുമായ ഓക്‌സിജൻ ഉറപ്പുവരുത്തുന്നുവെന്ന് നിരീക്ഷിക്കാനാണ് വാർ റൂം.

ജില്ലയിലെ സർക്കാർ ആശുപത്രികളിലായി ആകെ 1074 ഓക്‌സിജൻ സിലിണ്ടറുകൾ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. ഇതിൽ 350 എണ്ണം വിവിധ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലാ മെഡിക്കൽ ഓഫീസറുടെ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്നു.

 ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.............2224
 രോഗമുക്തർ..................................................933

 ചികിത്സയിൽ..................................................15,833
 വാക്സിൻ എടുത്തവർ..................................... 4.04 ലക്ഷം

.........................

# പരിശോധന കർശനം

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി ഒമ്പത് സെക്ടറൽ മജിസ്ട്രേറ്റുമാരെക്കൂടി കളക്ടർ നിയോഗിച്ചു. എല്ലാ നഗരസഭകളിലും മാർക്കറ്റുകളിലും സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്.

# കൂടുതൽ ജീവനക്കാർ

ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 10 ജീവനക്കാരെക്കൂടി നിയോഗിച്ചു. സ്‌കൂൾ അദ്ധ്യാപകരായ 780 പേരെയാണ് ഇന്നലെ നിയോഗിച്ചത്. മുമ്പ് അഞ്ചു പേരെ വീതം നിയോഗിച്ചിരുന്നു. ഇതോടെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും 15 ജീവനക്കാരുടെ സേവനം ലഭ്യമാകും. ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന വയോജന കോൾ സെന്ററിന്റെ പ്രവർത്തനത്തിനായി 20 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

................................

 മാനസികാരോഗ്യ സെൽ നമ്പർ:7593830443

...............................