ജില്ലയിലെ സർക്കാർ ആശുപത്രികളിലേയ്ക്കുള്ള മരുന്ന് വിതരണം നിലച്ചു

ആലപ്പുഴ: ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ ജില്ല ഓഫീസ് പൂട്ടി. മാനേജർ ഉൾപ്പെടെ 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചത്. ഇതോടെ ജില്ലയിലെ സർക്കാർ ആശുപത്രികളിലേയ്ക്കുള്ള മരുന്ന് വിതരണം തടസപ്പെടുന്നതോടെ കൊവിഡ് കാലത്ത് ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാകുക.രണ്ട് ഡ്രൈവർമാർക്കും, 2 പായ്ക്കർമാർക്കും 2 സെക്യൂരിറ്റി ജീവനക്കാർക്കും പരിശോധനയിൽ നെഗറ്റീവാണ്. മെഡിക്കൽ കോളേജ് ആശുപത്രി, ജില്ലാ-താലൂക്ക് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും മരുന്നുകൾ എത്തിക്കുന്നത് മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ജില്ല ഓഫീസിൽ നിന്നാണ്. സമീപത്തെ ജില്ലകളിലെ കോർപ്പറേഷൻ ജീവനക്കാരെ എത്തിച്ച് തിങ്കളാഴ്ച മുതൽ ഓഫീസ് പ്രവർത്തനം പുനരാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അഗ്നിശമന സേന ഇന്ന് ഓഫീസും പരിസര പ്രദേശങ്ങളും അണുനശീകരണം നടത്തും.